rafal-deal

ന്യൂഡൽഹി: റാഫേൽ വിമാന ഇടപാടിൽ ഉൾപ്പെട്ടിട്ടുള്ള വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കണമെന്ന് സുപ്രീം കോടതി. വിലയിൽ ഇപ്പോൾ ചർച്ച വെണ്ടെന്നും കോടതി വ്യക്തമാക്കി. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വാദം പുരോഗമിക്കവെയാണ് സുപ്രീം കോടതി പ്രസ്‌തുത നിലപാടെടുത്തത്.

36 റാഫേൽ വിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൻക്രമക്കേട് നടന്നത്. ഇതിന് പിന്നാലെ കാര്യങ്ങൾ മാറിമറിയുകയായിരുന്നെന്ന് ഹർജിക്കാരനായ എം.എൽ.ശർമ കോടതിയെ അറിയിച്ചു. റാഫേൽ ഇടപാട് റിലയൻസിന് നൽകാനാണ് പ്രധാനമന്ത്രി പദ്ധതിയിൽ മാറ്റം വരുത്തിയതെന്ന് മറ്റൊരു ഹർജിക്കാരനായ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. മോദി പദ്ധതി പ്രഖ്യാപിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും ഒരു റാഫേൽ വിമാനം പോലും വന്നില്ല. ഫ്രഞ്ച് സർക്കാർ ഒരുതരത്തിലുള്ള ഉറപ്പും നൽകിയിട്ടില്ല. അധികാരത്തിലിരിക്കുന്നവർ പദവി ദുരുപയോഗം ചെയ്‌തെന്നും ഡസോയുടെ ഓഫ്‌സെറ്റ് പങ്കാളി ആരാണെന്ന് കേന്ദ്രസർക്കാരിന് അറിയില്ലെന്നാണ് പറയുന്നതെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു.റാഫേലിൽ അന്വേഷണം ആവശ്യപ്പെട്ട് മനോഹർ ലാൽ ദണ്ഡ, പ്രശാന്ത് ഭൂഷൺ, കേന്ദ്രമന്ത്രിമാരായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവരാണ് പൊതുതാൽപര്യ ഹർജികൾ നൽകിയത്.

അതേസമയം, റാഫേൽ ഇടപാടിൽ പ്രതിരോധസംഭരണ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുവെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്. യു.പി.എ സർക്കാരുണ്ടാക്കിയ ചട്ടങ്ങൾ പിന്തുടരുകമാത്രമാണ് ചെയ്‌തത്. 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ സുരക്ഷാകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകാരം നൽകിയിരുന്നു. ഒരു വർഷത്തോളം ഫ്രാൻസുമായി ചർച്ച നടത്തിയിരുന്നുവെന്നും കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു.