ബോളിവുഡ് താരങ്ങളുടെ വിവാഹം എന്നും വേറിട്ടതാണ്. ഇപ്പോഴിതാ ബോളിവുഡിലെ മിന്നും താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും ഒന്നിക്കുകയാണ്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് നാളെ ഇറ്രലിയിലെ ലേക്ക് കോമോയിൽ വച്ച് ഇവർ വിവാഹിതരാകുന്നത്. ഏറെ പുതുമയുള്ളതുമാണ് ഈ വിവാഹവും. നാലു ദിവസമായാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്.
വിവാഹച്ചടങ്ങുകൾ പൂർണമായി ഇൻഷ്വർ ചെയ്‌തിരിക്കുകയാണ്. ഒാറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് വിവാഹം ഇൻഷ്വർ ചെയ്‌തിരിക്കുന്നത്. രൺവീറിന്റെയും ദീപികയുടെയും ഒപ്പം കുടുംബാംഗങ്ങളുടെയും ആഭരണങ്ങൾ, വിവാഹ വേദി, അതിഥികളും ഇൻഷുറൻസിൽപ്പെടും. തീപ്പിടുത്തം, സ്‌ഫോടനം, വെള്ളപ്പൊക്കം, മോഷണം, കൊടുങ്കാറ്റ്, കലാപം, തുടങ്ങിയവമൂലം സംഭവിക്കുന്ന എന്ത് നാശനഷ്ടവും ഈ ഇൻഷുറൻസിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ വിവാഹ സമ്മാനം ചാരിറ്രി ഫൗണ്ടേഷന് നൽകാനാണ് ഇരുവരുടെയും തീരുമാനം. വിവാഹ ക്ഷണക്കത്തിലെ പ്രത്യേക വാചകവും ഇതുതന്നെയാണ്. 'ഞങ്ങളുടെ വിവാഹത്തിന് സമ്മാനങ്ങൾ വേണ്ട, അതിഥികൾ സമ്മാനങ്ങൾ കൊണ്ടുവരരുത്' എന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. മുംബയ് ഗ്രാന്റ് ഹയാതിൽ വച്ചാണ് താരങ്ങളുടെ വിവാഹ സത്കാരം നടക്കുക. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിൽ ക്ഷണിച്ചിട്ടുള്ളു. ഈ മാസം 28ന് സുഹൃത്തുക്കൾക്കായി മുംബയിൽ വച്ച് വിരുന്നും ഒരുക്കിയിട്ടുണ്ട്.