ഉരുണ്ടുകൊണ്ടിരിക്കുന്ന കല്ലിൽ പച്ചപിടിക്കില്ല എന്നൊരു ചൊല്ലുണ്ടല്ലോ. അതിനു പകരം ഒരു പന്തായാലോ? കഴിഞ്ഞ പതിനാലു വർഷങ്ങളായി ഉരുണ്ടു കൊണ്ടിരിക്കുന്ന ഒരു പന്ത്, നിൽക്കാൻ പോകുന്നില്ലെങ്കിലോ? അത് വേറൊരു കഥയാണ് . ഇഷ ഗ്രാമോത്സവത്തിന്റെ കഥ.
ഗ്രാമോത്സവം എന്നാൽ ഒരാഘോഷമാണ്. ഗ്രാമീണ ഇന്ത്യയുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്ന ആഘോഷം. ഇത് ഒരു കൂട്ടം കായിക വിനോദങ്ങളിലൂടെയാണ് സാധിക്കുന്നത്. ഇത്തരം കായിക വിനോദങ്ങൾ സാമുദായിക ഐക്യം വർദ്ധിപ്പിക്കും ആരോഗ്യം മെച്ചപ്പെടുത്തും, സ്ത്രീ ശാക്തീകരണം സാധ്യമാക്കും. ഒപ്പം തൊഴിൽ ക്ഷമത കൂട്ടും എന്നും തെളിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിൽ ഓരോ വർഷവും ഇത് സംഘടിപ്പിക്കുന്നുണ്ട്. ശക്തമായ ആ ഗ്രാമീണ സംസ്കാരം ഒന്നുകൂടി പുതുക്കാനും ജാതി മതഭേദമില്ലാതെ എല്ലാ ആളുകളെയും ഒന്നിച്ചു കൊണ്ടുവരാനും അത് സഹായിക്കുന്നുണ്ട്.
ഈ വർഷം ആദ്യമായി ഗ്രാമോത്സവം വടക്കു കിഴക്കു ദിശയിലേക്കും വ്യാപിച്ച്, ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ഗ്രാമീണ വികസന വകുപ്പ്, ഗ്രാമീണ ഇന്ത്യയെ സാമ്പത്തികവും സാമൂഹികവും ഭൗതികവുമായ വികസനം കാഴ്ചവയ്ക്കുന്ന സ്മാർട്ട് വില്ലേജുകളാക്കി മാറ്റാനും അതുവഴി സമൂല വികസനത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
കായിക വിനോദങ്ങൾ സമഗ്രമായ സൗഖ്യത്തിന് അത്യാവശ്യമാണെന്നു കണ്ടതിനെത്തുടർന്ന് യൂണിസെഫും ഇഷ ഫൗണ്ടേഷനും ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ ഒരു പദ്ധതി നടപ്പിലാക്കുകയാണ്. ഈ പരിപാടി വിശാഖപട്ടണം ജില്ലയിലെ ആനന്ദപുരം മണ്ഡലത്തിലെ ഇരുപത്തിയാറ് ഗ്രാമപ്പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. കായിക - വിനോദങ്ങൾക്കായി പ്രായത്തിന്റെയോ, സാമ്പത്തിക സ്ഥിതിയുടെയോ വ്യത്യാസമില്ലാതെ ആളുകൾ സ്ഥിരമായി ഒത്തുചേരുമ്പോൾ ഒരു സാമൂഹിക ബോധം വളരാനുള്ള സാധ്യത വർദ്ധിക്കും. സ്ത്രീകളുടെ ശാക്തീകരണവും ഇതിലൂടെ സാദ്ധ്യമാകും. ആളുകളെ അനാരോഗ്യകരമായ സ്വഭാവങ്ങളിൽ നിന്നും അകറ്റിനിറുത്താനും ഇത്തരം പരിപാടികൾക്ക് കഴിവുണ്ട്. എപ്പോഴെല്ലാം ഗ്രാമോത്സവങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ഒരു തത്വം തെളിഞ്ഞു വന്നിട്ടുണ്ട് . ഒന്നിച്ചു കളിക്കുന്ന ഗ്രാമം എന്നും യോജിച്ചു നിൽക്കും എന്ന തത്വം!
പുരുഷന്മാരുടെ വോളിബാൾ മത്സരവും, സ്ത്രീകളുടെ ത്രോബാൾ മത്സരവും കഴിഞ്ഞ കുറെ ആഴ്ചകളായി ആനന്ദപുരം മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഈ മത്സരങ്ങൾ അവിടത്തെ ആളുകൾക്കിടയിൽ സന്തോഷം ഉണ്ടാക്കിയെന്നു മാത്രമല്ല, സമുദായങ്ങൾക്കിടയിൽ കൂടുതൽ അടുപ്പവും വളർത്തിയിട്ടുണ്ട്. മത്സരത്തിൽ വിജയിയാകാത്ത ഒരു ടീമിനെ ഓരോ ഗ്രാമത്തിൽ നിന്നും തിരഞ്ഞെടുത്ത് അതിലെ ഓരോ സ്ത്രീയ്ക്കും ഓരോ പൂച്ചെടിയും ഫലവൃക്ഷത്തിന്റെ തൈയും സമ്മാനിച്ചു. ഒപ്പം ഒരു നിബന്ധനയും വച്ചു. ഇവയുടെ ഫലങ്ങൾ അവർ ഗ്രാമത്തിലുള്ള എല്ലാവരുമായി പങ്കുവയ്ക്കണം. മത്സരങ്ങൾക്ക് ഈ പ്രവൃത്തി ഒരു പ്രത്യേക ശോഭയാണ് നൽകിയത്. എല്ലാവരെയും സ്വീകരിക്കുന്ന ഒരു മനോഭാവം ജനിപ്പിക്കാൻ ഇതിനു കഴിഞ്ഞു.
ഇത്തരം ഉദ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശം മനസിലാക്കാൻ കളിക്കാർക്ക് സാധിച്ചതോടെ, ഗുണകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും കഴിഞ്ഞു. ഇനിയും ഓരോ മണ്ഡലത്തിലും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാമെന്നും കളിക്കാർ നിശ്ചയിച്ചു. കളിക്കാരുടെ ആ ഒരു ചെറിയ പ്രവൃത്തി വാസ്തവത്തിൽ സമുദായത്തെ ആകമാനം പ്രവർത്തനനിരതമാക്കാനും എല്ലാവരും പരസ്പര സ്നേഹത്തോടെ ജീവിക്കാനും ഉള്ള അന്തരീക്ഷം ഒരുക്കാനും സഹായിച്ചു. മുപ്പത്തിയെട്ടു ഗ്രാമങ്ങളിൽ നിന്നായി 90 ടീമുകളാണ് പുരുഷന്മാരുടെ വോളിബോൾ മത്സരത്തിൽ പങ്കെടുത്തത്. ഇരുപത്തിയെട്ട് ഗ്രാമങ്ങളിൽ നിന്നായി 58 ടീമുകൾ സ്ത്രീകളുടെ ത്രോബോൾ മത്സരത്തിലും പങ്കെടുത്തു . 2017 നവംബർ 25 ന് നടന്ന ക്വാർട്ടർ ഫൈനലിൽ എട്ടുടീമുകൾ വീതം പങ്കെടുത്തു.
ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളുടെ തനതായ കളികളും പാട്ടുകളും പ്രത്യേക ഭക്ഷണ സാധനങ്ങളും പ്രദർശിപ്പിക്കുന്നത് വഴി ഇഷ ഗ്രാമോത്സവം ആ സംസ്ഥാനത്തെ ഗ്രാമീണ ജീവിതത്തെ മറ്റുള്ളവരുടെ മുൻപിൽ തുറന്നു കാണിക്കാൻ സഹായിക്കും. ഈ അസാധാരണ ഉത്സവവും വോളിബാൾ, ത്രോബാൾ മത്സരങ്ങളും നവംബർ ഇരുപത്തിയേഴിന് വിശാഖപട്ടണത്ത് സമാപിക്കുമ്പോൾ സദ്ഗുരുവും അവിടെ സന്നിഹിതനായിരിക്കും.
സമാപന സമ്മേളനം ഇഷ ഫൗണ്ടേഷനും യൂണിസെഫും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ആഘോഷം കൂടി ആയിരിക്കും. ഈ കൂട്ടുകെട്ടിന്റെ ഉദ്ദേശം ഗ്രാമങ്ങളെ തങ്ങളുടെയും സമീപസ്ഥലങ്ങളിലുള്ളവരുടെയും ഉന്നമനത്തിനായി യോജിച്ച് പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
ആനന്ദപുരമണ്ഡലത്തിലെ നിവാസികൾ, സ്കൂൾ കുട്ടികൾ, കോളേജിലെ യുവജനങ്ങൾ, ഗ്രാമവാസികൾ എന്നിവരടക്കം 7000 പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഗ്രാമീണ ചേതന ഉണരുന്നത്, വലിയ തോതിൽ വ്യക്തിഗത മാറ്റങ്ങളുമുണ്ടാക്കും.