ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി പാർലമെന്റ് അംഗവും രാജസ്ഥാനിലെ മുൻ പൊലീസ് മേധാവിയുമായിരുന്ന ഹരീഷ് മീന കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്തെ മികച്ച പൊലീസ് ഓഫീസർമാരിൽ ഒരാളായിരുന്ന ഹരീഷ് 2014ലാണ് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ രാജസ്ഥാനിലെ ദൗസയിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. ഹരീഷിനെ മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കേന്ദ്രനേതാവുമായ അശോക് ഗെലോട്ട് സ്വാഗതം ചെയ്‌തു.
അതേസമയം, രാജസ്ഥാനിൽ ഭരണത്തുടർച്ച നേടാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ് ഹരീഷിന്റെ നീക്കം. ഹരീഷിന്റെ സഹോദരൻ നമോ നാരായണൻ മീനയും കോൺഗ്രസ് അംഗമാണ്. രാജസ്ഥാനിൽ ഏറെ സ്വാധീനമുള്ള മീന വംശജരിൽ പെട്ടയാൾ പാർട്ടിക്കൊപ്പം നിൽക്കുന്നത് കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. കിഴക്കൻ രാജസ്ഥാനിലെ വോട്ടർമാരിൽ ഭൂരിപക്ഷമായ മീന വംശജർക്ക് സർക്കാർ സർവീസിലും രാഷ്ട്രീയത്തിലും വൻ സ്വാധീനമാണുള്ളത്. 2009 മുതൽ 2013 വരെ രാജസ്ഥാനിലെ പൊലീസ് മേധാവിയായിരുന്ന ഹരീഷ് സംസ്ഥാനത്ത് ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനം അനുഷ്‌ടിച്ചയാളാണെന്ന ബഹുമതിക്കും ഉടമയാണ്.