വിവാദങ്ങൾ ഇല്ലെങ്കിൽ എങ്ങനെ ഉണ്ടാക്കിയെടുക്കണമെന്ന് ബോളിവുഡ് താരം രാഖി സാവന്തിനെ ആരും പഠിപ്പിക്കണ്ട. മാദ്ധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി പോയ രാഖി വീൽചെയറിൽ തിരിച്ചെത്തിയ കഥയാണ് ഇപ്പോൾ ബോളിവുഡിലെ പാണന്മാർ പാടിനടക്കുന്നത്. തനുശ്രീ ദത്തയുടെ മീടൂ വെളിപ്പെടുത്തലിനെ അധിക്ഷേപിച്ചു നടത്തിയ പ്രസ്താവനകളുടെ പേരിലായിരുന്നു ഏറ്റവും ഒടുവിൽ രാഖി സാവന്ത് വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ, ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് രാഖിയെ കുറിച്ച് പുറത്തു വരുന്ന പുതിയ വാർത്ത.
ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്ലിംഗ് മാച്ചിനിടെയാണ് രാഖി ഇടി കൊണ്ട് ഇരുപ്പിലായത്. പഞ്ചകുലയിലെ തൊ ലാൽ ദേവി സ്റ്റേഡിയത്തിൽ നടന്ന മാച്ച് കാണാനെത്തിയ രാഖി വനിതാ ഗുസ്തിതാരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറുകയായിരുന്നു. മത്സരത്തിനിടയിൽ രാഖിയെ എതിരാളിയായ വനിതാ താരം പൊക്കിയെടുത്ത് മലർത്തിയടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് രാഖിക്ക് പരിക്കേറ്റത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിംഗിൽ വീണു കിടക്കുന്ന രാഖിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 40 കാരിയായ രാഖിയെ രണ്ടു വനിതാ പൊലീസുകാരും സംഘാടകരും താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്. ബോളിവുഡിൽ നാനാ പടേക്കറിനെതിരെ മീടു ആരോപണമുന്നയിച്ച നടി തനുശ്രീ ദത്തയ്ക്കെതിരെ പ്രതികരണവുമായെത്തി അവരെ മോശമാക്കി കാണിക്കാൻ ശ്രമിച്ച താരമാണ് രാഖി. പുരുഷന്മാർ തൊടാതിരിക്കാൻ തനുശ്രീയുടെ ശരീരം വജ്രം കൊണ്ടുണ്ടാക്കിയതാണോ, തനുശ്രീ സ്വവർഗാനുരാഗിയാണ് തുടങ്ങിയ പ്രചാരണങ്ങളാണ് രാഖി നടത്തിയത്.