മലയാളികളുടെ പ്രിയ നടി നിക്കി ഗൽറാണി ഒരു ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. 'ഇതിഹാസ 2' എന്നചിത്രത്തിലൂടെയാണ് നിക്കി മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ഷൈൻ ടോം ചാക്കോയും അനുശ്രീയും തകർത്തഭിനയിച്ച ഇതിഹാസയുടെ രണ്ടാം ഭാഗമാണിത്. ബിനു.എസ് തന്നെയാണ് ഇതിഹാസ2 ചിത്രം സംവിധാനം ചെയ്യുന്നത്.
കാമുകി , പാവം കുട്ടി പോലുള്ള സ്ഥിരം കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് തനിക്ക് ഇതിഹാസ 2വിലെന്ന് നിക്കി പറയുന്നു. ഒരു ആദിവാസി പെൺകുട്ടിയുടെ വേഷമാണ് ചിത്രത്തിൽ നിക്കി അവതരിപ്പിക്കുക.കഥാപാത്രത്തിന് വേണ്ടി ചില തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ കൂടുതൽ രഹസ്യങ്ങൾ പുറത്തുവിടാൻ താരം തയ്യാറായില്ല.
ഇന്ദ്രജിത്ത് സുകുമാരനാണ് ഇതിഹാസ2ൽ നായകൻ. 'ആദ്യമായാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പോകുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ വെച്ചാണ് പൂർണ്ണിമയെ പരിചയപ്പെട്ടത്. പൂർണ്ണിമയുമായി വളരെ നാളായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് താൻ' നിക്കി പറയുന്നു. നവംബർ 25ന് ഇതിഹാസ2 വിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. കൊച്ചിയായിരിക്കും പ്രധാന ലൊക്കേഷൻ താരം വ്യക്തമാക്കി.
'മലയാള സിനിമ തന്നെയാണ് തനിക്കേറ്റവും പ്രിയപ്പെട്ടത്. അഭിനയജീവിത്തിൽ തന്നെ ഉയർത്തിയതും മലയാള സിനിമയാണ്, അതുകൊണ്ട് മലയാളത്തിലേക്കെത്തുമ്പോൾ സ്വന്തം വീട്ടിലെന്നപോലെയാണ് അനുഭവപ്പെടുന്നത്' നിക്കി പറയുന്നു. നിക്കിയുടേതായി മലയാളത്തിൽ അവസാനം പുറത്തിറങ്ങിയത് ടീം ഫൈവ് എന്ന ചിത്രമാണ്.