supreme-court

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ വാദപ്രതിവാദങ്ങൾ നടക്കവെ എയർ വൈസ് മാർഷൽ ഡി.ചലപതി സുപ്രീം കോടതിയിലെത്തി. ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിമുറിയിൽ നാല് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർക്കൊപ്പമാണ് ചലപതി എത്തിയത്. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെഉം അതിന്റെ സാങ്കേതികതയെയും പറ്റി കോടതി ഉദ്യോഗസ്ഥരോട് ആരാഞ്ഞു.

വ്യോമസേനയിൽ പുതിയതായി ചേർത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോടു ചോദിച്ചു. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയിൽ ചേർത്തിരിക്കുന്നത്. ഇനി 4+ തലമുറയിൽപ്പെട്ട ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്‌ക്ക് ആവശ്യം. അതാണ് റാഫേൽ ജെറ്റുകൾ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.

റാഫേൽ വിമാന ഇടപാടിൽ ഉൾപ്പെട്ടിട്ടുള്ള വ്യോമസേനാ ഉദ്യോഗസ്ഥരെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് എയർ വൈസ് മാർഷലും സംഘവും കോടതിയിൽ എത്തിയത്. റാഫേലുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ അവസാനിച്ചതോടെ കേസ് വിധി പറയാൻ മാറ്റി.