ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ അഴിമതി നടന്നുവെന്നും ഇക്കാര്യം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയുടെ വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. നാല് മണിക്കൂറോളം നീണ്ട വാദത്തിനൊടുവിൽ ഹർജി കൂടുതൽ വാദം കേൾക്കാനായി മാറ്റി. കേസിന്റെ വാദപ്രതിവാദങ്ങൾക്കിടെ എയർ വൈസ് മാർഷൽ ഡി.ചലപതിയെ സുപ്രീം കോടതി വിളിച്ചുവരുത്തി കാര്യങ്ങൾ ആരാഞ്ഞു. ചീഫ് ജസ്‌റ്റിസിന്റെ ഒന്നാം നമ്പർ കോടതിമുറിയിൽ നാല് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർക്കൊപ്പമാണ് ചലപതി എത്തിയത്. ഇന്ത്യ നിലവിൽ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയെയും പറ്റി കോടതി ഇവരോട് ആരാഞ്ഞു.
വ്യോമസേനയിൽ പുതിയതായി ചേർത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോടു ചോദിച്ചു. സുഖോയ് – 30 ആണ് ഏറ്റവും പുതിയതായി സേനയിൽ ചേർത്തിരിക്കുന്നത്. ഇനി 4+ തലമുറയിൽപ്പെട്ട ഫൈറ്റർ ജെറ്റുകളാണ് ഇന്ത്യയ്‌ക്ക് ആവശ്യം. അതാണ് റാഫേൽ ജെറ്റുകൾ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു. അതേസമയം,യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലെ പങ്കാളികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് എന്തിനാണെന്ന് കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു. യു.പി.എ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാർ നിലവിലിരിക്കെ പുതിയ കരാർ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്തിനാണെന്നും കോടതി ആരാഞ്ഞു. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് ഇതെന്നായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ മറുപടി.