sabarimala-protest

കൊച്ചി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി. ഇത്തരം കാരണങ്ങൾ കണക്കിലെടുത്താണ് ശബരിമലയിൽ സർക്കാരിന് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ തീർത്ഥാടകരുടെ വാഹനത്തിന് പാസ് ഏർപ്പെടുത്തിയ നടപടിയ്‌ക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ചില ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയതെന്നും ഇക്കാര്യത്തിൽ തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കേസ് കൂടുതൽ വാദം കേൾക്കാനായി നാളത്തേക്ക് മാറ്റി. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആറ് പേരുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും. അനന്തു വി.കുറുപ്പ്, ഷൈലേഷ്, അഭിലാഷ്, കിരൺ, ഹരികുമാർ, ഗോവിന്ദ് മധുസൂധനൻ എന്നിവരുടെ ഹർജിയാണ് കോടതി നാളെ പരിഗണിക്കുക.