വാഷിംഗ്ടൺ: നവംബർ 6ന് ലോകമെമ്പാടും ദീപാവലി ആഘോഷിച്ചു. അല്പം വൈകിയെങ്കിലും ഇന്നലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വൈറ്റ്ഹൗസിലും ദീപാവലി ആഘോഷങ്ങൾ നടന്നു. വൈറ്റ്ഹൗസിലെ ചരിത്രപ്രധാനമായ റൂസ്‌വെൽറ്റ് റൂമിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അമേരിക്കൻ സമൂഹവും ഉദ്യോഗസ്ഥരും പങ്കെടുത്തു. മെഴുകുതിരി കൊണ്ട് നിലവിളക്ക് തെളിച്ചാണ് ആഘോഷങ്ങൾക്ക് ട്രംപ് തുടക്കമിട്ടത്.
എന്നാൽ ദീപാവലി ആശംസകൾ അറിയിച്ചുകൊണ്ടുള്ള ട്രംപിന്റെ ട്വീറ്റിൽ മനഃപൂർവം ഹിന്ദു സമൂഹത്തെ ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.
അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ബുദ്ധ, സിക്ക്, ജൈന മതക്കാരുടെ ആഘോഷമായ ദീപാവലിക്കായാണ് ഒത്തുചേർന്നതെന്നും എല്ലാവർക്കും ആശംസകൾ നേരുന്നു എന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. എന്നാൽ ഹിന്ദുക്കളെ ഒഴിവാക്കിയതിൽ വിമർശനം വന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് പുതിയ ട്വീറ്റ് ഇറക്കിയെങ്കിലും ഹിന്ദുക്കളെ പരാമർശിക്കാൻ വീണ്ടും മറന്നു. ഇതോടെ മൂന്നാമതും ആശംസാ ട്വീറ്റ് ഇറക്കി ട്രംപ് പരാതി പരിഹരിച്ചു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചു.