ആലപ്പുഴ:ശബരിമല സമരത്തിന്റെ മറവിൽ പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതോടൊപ്പം ആത്മീയതയെ കച്ചവടവൽക്കരിക്കുകയും ചെയ്യുന്നു.
കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിയമനം ലഭിച്ച ശാന്തിമാർക്ക് എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ വൈദിക സമിതി ചേർത്തല എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈഴവരെ മുന്നിൽ നിറുത്തി സമരംചെയ്ത് പിണറായിയെ താഴെയിറക്കി നേട്ടമുണ്ടാക്കാനാണ് ഇപ്പോഴത്തെ നീക്കം. അതുകൊണ്ടാണ് ശബരിമല സമരത്തിൽ തെരുവിൽ സമുദായാംഗങ്ങൾ ഇറങ്ങേണ്ടെന്ന് നേതൃത്വം തീരുമാനിച്ചത്.
ക്ഷേത്ര പ്രവേശനത്തിന്റെ ഗുണം വേണ്ട രീതിയിൽ പിന്നാക്കക്കാർക്ക് കിട്ടിയില്ല. ഒരു തന്ത്രി, ഒരു രാജാവ്,ഒരു സമുദായം ഇതാണ് ഇപ്പോഴത്തെ സമരത്തിന്റെ ലക്ഷ്യം. ഇവരാണ് ശബരിമല സമരത്തെ കച്ചവടവത്കരിക്കുന്നത്. ശബരിമലയിൽ ദളിതൻ മേൽശാന്തിയായി വരണമെന്നാണ് എസ്.എൻ.ഡി.പി യോഗത്തിന്റെ ആഗ്രഹം.ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്കക്കാരെ ശാന്തിമാരായി നിയമിക്കാൻ 20 വർഷങ്ങൾക്ക് മുമ്പ് സുപ്രീം കോടതിയെ സമീപിച്ചത് താനാണ്.ശബരിമലയിൽ പിന്നാക്കക്കാരനെ മേൽശാന്തിയാക്കാൻ ഒപ്പമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമലയോട് സ്നേഹമുള്ളവർ ജനുവരി 22ന് പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതുവരെ വിധി മാനിക്കണം.മൈക്ക് എടുത്ത് നിയന്ത്രിക്കുന്നതും കെട്ടും പ്രായവും പരിശോധിക്കുന്നതും ആർക്ക് വേണ്ടിയാണ്.
ഏതെങ്കിലും പ്രധാന ക്ഷേത്രത്തിൽ ഈഴവരെ ദേവസ്വം ബോർഡ് ശാന്തിയാക്കിയിട്ടുണ്ടോ?. പിണറായി എന്ത് തെറ്റാണ് ചെയ്തത്?.അദ്ദേഹം ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തി പൂവെന്ന് പറഞ്ഞാലോ. നാമജപ ഘോഷയാത്രയ്ക്ക് മുന്നിൽ പിടിക്കുന്നത് ഒരു സമുദായത്തിന്റെ ബാനറാണ്.ഘോഷയാത്രയെ കച്ചവടവത്കരിക്കുന്ന മറ്റൊരു കുതന്ത്രമാണിതെന്നും പിന്നാക്ക സമുദായങ്ങൾ ഇത് തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈദിക സമിതി പ്രസിഡന്റ് ഇ.കെ.ലാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ,ചേർത്തല യൂണിയൻ കൺവീനർ കെ.കെ.മഹേശൻ,കെ.വി.സാബുലാൽ,വി.ശശികുമാർ,പി.ജയകുമാർ,മണിലാൽ,ശാന്തിമാരായ സന്തോഷ്,ശ്രീകുമാർ ശാന്തി,പവനേഷ്,ജയൻ,പി.പി.സെൽവരാജ്,മാത്താനം അശോകൻ തന്ത്രി എന്നിവർ സംസാരിച്ചു.