എയർ ഇന്ത്യ വിമാനത്തിൽ അഴിഞ്ഞാടിയ ഐറിഷ് വനിത അറസ്റ്റിൽ

ന്യൂഡൽഹി: വിമാന യാത്രയ്‌ക്കിടെ മദ്യപിച്ച് ലക്കു കെട്ട ഐറിഷ വനിത, കൂടുതൽ വൈൻ കൊടുക്കാത്തതിൽ അരിശം പൂണ്ട് എയർ ഇന്ത്യ ജീവനക്കാരെ അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും മുഖത്തു തുപ്പുകയും ചെയ്‌തു.

ശനിയാഴ്‌ച മുംബയിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ ഇവർ ജീവനക്കാരെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലായി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇവരെ അറസ്റ്റ് ചെയ്‌തു.

താൻ അന്താരാഷ്ട്ര പ്രശസ്‌തയായ ക്രിമിനൽ അഭിഭാഷകയാണ് എന്നു പറഞ്ഞാണ് ഇവർ ജീവനക്കാരോടു തട്ടിക്കയറിയത്. വിമാനത്തിലെ ഇന്ത്യൻ ജീവനക്കാർ അശ്ലീല പദങ്ങൾ ഉപയോഗിച്ചുള്ള ഇവരുടെ അധിക്ഷേപങ്ങൾ സഹിച്ച് സൗമ്യരായി നിന്നതേയുള്ളൂ.

അമിതമായി മദ്യപിച്ച ഇവർ വീണ്ടും ഒരു കുപ്പി വൈൻ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇവരുടെ അവസ്ഥ പൈലറ്റിനെ അറിയിച്ച ജീവനക്കാർ, വൈൻ തരാനാവില്ലെന്ന് ഉറച്ചു നിന്നു. അതോടെയാണ് അധിക്ഷേപങ്ങൾ തുടങ്ങിയത്.
‘നിങ്ങളാണോ ക്യാപ്‌ടൻ? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടർക്കു വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്. രോഹിൻഗ്യകൾക്കു വേണ്ടി, ഏഷ്യക്കാർക്കു വേണ്ടിയൊക്കെ വാദിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ. അതിനൊന്നും എനിക്ക് പണം കിട്ടില്ല. എനിക്ക് ഒരു കുപ്പി വൈൻ തരാൻ നിങ്ങൾക്കാവില്ല, അല്ലേ? ’ എന്നൊക്കെ പുലമ്പി രോഷത്തോടെ ഇവർ ജീവനക്കാരന്റെ മുഖത്തു തുപ്പി. താൻ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകയാണ്. പേടിക്കുമെന്നാണോ കരുതുന്നത്? എയർ ഇന്ത്യ ബഹിഷ്‌കരിക്കാൻ ഞാൻ ജനങ്ങളോട് പറയും. ഞാൻ പറഞ്ഞാൽ അത് നടക്കും - അവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി.