afridi

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. എന്നാൽ വിട്ടുകൊടുക്കാൻ ഇരുപക്ഷവും തയ്യാറല്ല. ഇതിനിടയിൽ കശ്മീർ വിഷയത്തിൽ മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി നടത്തിയ പരാമർശങ്ങൾ വിവാദത്തിനിടയാക്കി. കശമീരിനെ ഇന്ത്യയ്‌ക്കും പാകിസ്ഥാനും നൽകരുതെന്നും സ്വതന്ത്ര്യ രാജ്യമായി പ്രഖ്യാപിക്കണമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കശ്‌മീരിന് വേണ്ടി ഈ തർക്കത്തിൽ നിന്ന് പിൻമാറാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പാർലമെന്റിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ കശ്‌മീ‌ർ പാകിസ്ഥാന് ആവശ്യമില്ല,​ ഇപ്പോഴുള്ള നാല് പ്രവിശ്യകൾ ഭരിക്കാൻ തന്നെ പാകിസ്ഥാന് കഴിയുന്നില്ല. എന്നാൽ കാശ്‌മീരിനെ ഇന്ത്യയ്‌ക്ക് നൽകുകയും അരുത്. കശ്‌മീരിനെ സ്വതന്ത്ര്യ രാജ്യമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും അവിടുത്തെ ജനങ്ങൾ മരിക്കില്ലല്ലോ. നിരപരാധികളായ ജനങ്ങൾ മരിക്കുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തീവ്രവാദികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും സുരക്ഷിതത്വം നിലനി‌ർത്താനും പാകിസ്ഥാന് കഴിയുന്നില്ലെന്നും അഫ്രീദി ആരോപിച്ചു. മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന ഭരണകൂടം തികച്ചും പരാജയമാണെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.