തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽനിന്ന് വരുന്ന 18ാം തിയതി തൃശൂരിലേക്കു മൂന്നോ നാലോ ബസുകളിലായി ഒരു വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നു. യാത്ര ആരംഭിക്കുന്നത് രാത്രി എട്ട് മണിക്ക്. തിരികെ എത്തിച്ചേരുന്നത് പുലർച്ചെ അഞ്ച് മണിക്ക്. അങ്ങോട്ടും ഇങ്ങോട്ടും രാത്രി 12 മണി കഴിഞ്ഞും ഡ്രൈവിംഗ് ഉണ്ടെന്നർത്ഥം. ഇത് എത്രത്തോളം സുരക്ഷിതവും അഭികാമ്യവുമാണ്? പാതിരാഡ്രൈവിംഗിന്റെ ഒരു മഹാദുരന്തത്തിന്റെ ഓർമ്മ ഇപ്പോഴും നമുക്കിടയിൽ ചോരയുടെ നനവുമാറാതെ നിൽക്കുമ്പോൾ സ്കൂൾ അധികൃതർ എന്തിനാണ് ഇങ്ങനെ പ്ലാൻ ചെയ്യുന്നത്? കുട്ടികളും ഈ സമയത്ത്‌ ഉറക്കമായിരിക്കും. വിനോദയാത്ര എന്നത് ഒരിടത്ത് എത്തിച്ചേർന്നശേഷം മാത്രമുള്ള അനുഭവമല്ലല്ലോ. യാത്രയും വിനോദാനുഭവമാകേണ്ടതല്ലേ? ഇരുന്നുകൊണ്ട് ഉറങ്ങി ഉറങ്ങിയുള്ള യാത്രയിൽ എന്ത് വിനോദമാണുള്ളത്? എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും? പല സ്കൂളുകളും ഇങ്ങനെ പാതിരാ വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ടെന്നാണ് കേൾവി. അതിനെ വിലക്കിക്കൊണ്ട് ഒരു സ്റ്റാൻഡിംഗ് ഓർഡർ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. അദ്ധ്യാപകനായിരുന്ന വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്ന് കരുതുന്നു.

ഒരു രക്ഷാകർത്താവ്

തിരുവനന്തപുരം