കണ്ണൂർ: വിമാന ദുരന്തങ്ങളുടെ അടിസ്ഥാനകാരണം കണ്ടെത്താനുള്ള ഗവേഷണത്തിലാണ് കണ്ണൂർ സ്വദേശിയായ ഗവേഷക റോസ് മേരി. അപകട സാദ്ധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കോക്പിറ്റിൽ പൈലറ്റിന് വിവരം നൽകുന്ന സെൻസറുകൾ നിർജീവമാകുന്നതാണ് അപടത്തിന് കാരണമെന്ന് റോസ് മേരി പറയുന്നു.
കണ്ണൂർ പയ്യാമ്പലത്തെ കറുവപ്പട്ട കർഷകനും പൊതുപ്രവർത്തകനുമായ ലിയോണാർഡ് ജോണിന്റെയും ജയയുടെയും ഏകമകളാണ് റോസ് മേരി. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ഉൾപ്പടെ ലോകത്തെ എഴുന്നൂറോളം എയ്റോ സ്പെയ്സ് കമ്പനികൾക്ക് സാങ്കേതിക വിദ്യ നൽകുന്ന ലണ്ടനിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ നിന്ന് വിമാനത്തിന്റെയും റോക്കറ്റിന്റെയും ഔട്ടർ ബോഡിയിൽ എം.ടെക് ബിരുദമെടുത്ത റോസ് മേരി ഇപ്പോൾ അയർലൻഡിലെ ഇറ്റ് കാർലോ ലിംറിക് സർവകലാശാലയിൽ ഈ വിഷയത്തിൽ മൂന്നാം വർഷ ഗവേഷണത്തിലാണ്. സെൻസറുകൾ ഭൂരിഭാഗവും വിമാന ബോഡിക്ക് പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. കനത്ത മഴ, കൊടുംവെയിൽ, കുറഞ്ഞ വായുമർദ്ദം, ഘർഷണം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ കാരണം ഇവ ഏറെക്കാലം കാര്യക്ഷമമായി പ്രവർത്തിക്കില്ലെന്ന് റോസ് മേരി പറയുന്നു. ഇതിന് പകരം വിമാനത്തിനുള്ളിൽ സ്ഥാപിക്കാവുന്ന സെൻസറുകൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്.
വില്ലനാകുന്നത് സെൻസർ
ഇരുപതു വർഷം പഴക്കമാകുമ്പോൾ സെൻസർ ഉപയോഗശൂന്യമാകും. വിമാനത്തിന്റെ ആയിരക്കണക്കിന് ഘടകങ്ങളിൽ ഒരു സ്ക്രൂവിന് തകരാറുണ്ടായാൽ പോലും അപകടമുണ്ടാകാം. ഈ തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ കഴിവുള്ള അത്യാധുനിക സെൻസറുകൾ വികസിപ്പിക്കാനാണ് റോസ് മേരിയുടെ ശ്രമം. ബ്ളാക്ക് ബോക്സ് ലഭിച്ചാലും യഥാർത്ഥ അപകടകാരണം ദുരൂഹമാകുന്നതും സെൻസറിന്റെ അപാകത മൂലമാണെന്നാണ് റോസ് മേരി പറയുന്നത്.