അങ്കമാലി ഡയറീസിലൂടെ മലയാളസിനിമയിൽ ചുവടുറപ്പിച്ച താരമാണ് ടിറ്റോ വിൽസൺ. യൂ ക്ളാമ്പ് രാജനെന്ന പ്രതിനായക കഥാപാത്രത്തെ തികഞ്ഞ കൈയടക്കത്തോടെയാണ് ടിറ്റോ പ്രേക്ഷകന് മുന്നിലെത്തിച്ചത്. ഇപ്പോഴിതാ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന 'കൊല്ലവർഷം 1975' എന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുകയാണ് താരം. നവാഗതനായ സജിൻ കെ. സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാങ്കേതികതയ്‌ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ കറുത്ത അധ്യായം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥ കാലത്തെക്കുള്ള എത്തിനോട്ടം കൂടിയാണ് ചിത്രം. എന്നാൽ ചിത്രം അന്നത്തെ രാഷ്‌ട്രീയമല്ല പറയുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.
വയനാട്ടിലെ വകേരി പ്രദേശത്തെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നത്. അടിയന്തരാവസ്ഥ കാലം അവിടുത്തെ ജനജീവിതത്തെ, പ്രത്യേകിച്ചും ആദിവാസികൾക്കിടയിൽ എങ്ങനെ ബാധിച്ചു എന്നാണ് ചിത്രം പറയുന്നത്. ഡിസംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.