ശ്രീഹരിക്കോട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയ്ക്ക് ശക്തി പകർന്നുകൊണ്ട് ഐ.എസ്.ആർ.ഒ ജിസാറ്റ് -- 29 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ വലിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -- 29 ഇന്ന് വൈകിട്ട് 5.08 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപിച്ചത്.
ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും പുതിയ റോക്കറ്റായ ജി.എസ്.എൽ.വി.എം.കെ. 3യുടെ രണ്ടാമത്തെ വിക്ഷേപണമാണിത്. 3423കിലോഗ്രാം ഭാരമുള്ള ജി സാറ്റ് 29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്. 27 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് 2.50 ന് ആരംഭിച്ചു.മാർച്ചിൽ ജിസാറ്റ് 6എ ഉപഗ്രഹം പരാജയപ്പെട്ടതിന് ശേഷമുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യവിക്ഷേപണമാണിത്.
ഇൗ വർഷത്തെ നാലാമത്തെ വിക്ഷേപണവും. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് ശക്തിയേറുന്നതാണ് പത്തുവർഷത്തെ ആയുസുള്ള ജിസാറ്റ് 29 ദൗത്യം.ജമ്മുകാശ്മീരിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യവും പ്രതിരോധത്തിനും ഗ്രാമീണ ആവശ്യങ്ങൾക്കുമുള്ള വാർത്താവിനിമയ സൗകര്യങ്ങളും നൽകുന്നതിനുള്ള ഇടത്തരം, വൻകിട ട്രാൻസ്പോണ്ടറുകളാണ് ജിസാറ്റിലുള്ളത്. മൾട്ടിബീം ഒപ്റ്റിക്കൽ ഇമേജിംഗ് സംവിധാനങ്ങളുമുണ്ട്.