ജി.കെ.എസ്.യുവിന് സർക്കാരിന്റെ പൂർണ പിന്തുണ
കൊച്ചി: കേരളത്തിലെ മുഴുവൻ മാദ്ധ്യമ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്‌സവ് (ജി.കെ.എസ്.യു) കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജകമാകണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ ഉപഭോക്തൃ മേഖലയ്ക്ക് കരുത്തേകുന്ന ജി.കെ.എസ്.യുവിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകും.
സർക്കാരിന് ഓണക്കാലത്താണ് ഏറ്റവുമധികം നികുതി ലഭിക്കുന്നത്. എന്നാൽ, ഇത്തവണ ഓണം മഴയിൽ ഒലിച്ചുപോയി. നികുതി വരുമാനം കുറഞ്ഞു. പ്രളയം നേരിട്ട് ബാധിച്ച കടകളുടെ എണ്ണം പത്ത് ശതമാനത്തോളമാണ്. പ്രളയത്തിൽ ഗൃഹോപകരണങ്ങളും മറ്റും നശിച്ചവർ പകരം വാങ്ങിത്തുടങ്ങിയതോടെ നികുതി വരുമാനം അല്‌പം മെച്ചപ്പെട്ടു. പെട്രോളിയവും മദ്യവും കഴിഞ്ഞാൽ കൂടുതൽ നികുതി വരുമാനം ലഭിക്കേണ്ട മേഖലയാണ് ഉപഭോക്തൃരംഗം.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. പ്രവാസി മലയാളികൾ അയയ്ക്കുന്ന പണവും ഈ ഉപഭോഗത്തിൽ പ്രതിഫലിക്കുന്നു. ആ പണം കേരളത്തിന്റെ വികസനത്തിനാണ് ഉപയോഗിക്കുന്നത്. നികുതി വരുമാനം കുറഞ്ഞാൽ റെവന്യൂ കമ്മിയും ധനക്കമ്മിയും പരിധിവിട്ടുയരും. അത് വികസന പദ്ധതികളെ ബാധിക്കും. വാണിജ്യരംഗം മുന്നേറിയാലേ നാടിനും വികസിക്കാനാകൂ. അതിനായി, മാദ്ധ്യമങ്ങൾ മുന്നോട്ടു വന്നത് അഭിനന്ദനാർഹമാണ്.
സംസ്ഥാന സർക്കാർ പത്തു വർഷത്തോളം ജി.കെ.എസ്.എഫ് നടത്തിയിരുന്നു. ഓണത്തിന് പുറമേ കേരളത്തിനൊരു രണ്ടാം ഷോപ്പിംഗ് സീസൺ ഒരുക്കുകയായിരുന്നു ലക്ഷ്യം. മലയാളികൾ മാത്രമല്ല, ഇവിടെയെത്തുന്ന സഞ്ചാരികളും ഷോപ്പിംഗ് നടത്തണം എന്ന ലക്ഷ്യമാണ് ജി.കെ.എസ്.എഫിന് ഉണ്ടായിരുന്നത്. എന്നാൽ, ടൂറിസ്‌റ്റുകൾ ഇവിടെ ഷോപ്പിംഗ് നടത്തിയില്ല. മലയാളികളുടെ ഉപഭോഗം മാത്രമാണ് കൂടിയത്. ലക്ഷ്യം കാണാഞ്ഞതിനാൽ ജി.കെ.എസ്.എഫ് നിറുത്തി. എന്നാൽ, ജി.കെ.എസ്.യുവിന് അതൊരു പ്രശ്‌നമാകണമെന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാരിന് ശുഭാപ്‌തിവിശ്വാസം
പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ വ്യാപാര മേഖലയിലുണ്ടായ തണുപ്പ്, വരാൻപോകുന്ന വ്യാപാരച്ചൂടിന്റെ മുന്നോടിയാണെന്നും സർക്കാരിന് ഇക്കാര്യത്തിൽ ശുഭാപ്‌തി വിശ്വാസമാണുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പ്രവാസിപ്പണമാണ് സംസ്ഥാനത്തിന്റെ ഉപഭോക്തൃ മേഖലയുടെ അടിസ്ഥാനം. ഡോളർ, യൂറോ, ദിർഹം, ദിനാർ എന്നിവയുടെ മൂല്യക്കുതിപ്പ് കേരളത്തിേക്ക് അയയ്‌ക്കുന്ന പണത്തിലും വർദ്ധനയുണ്ടാക്കിയിട്ടുണ്ട്. അതിനാൽ, ജി.കെ.എസ്.യുവുമായി മുന്നോട്ടു പോകണം. സർക്കാർ പിന്തുണ നൽകും.