തിരുവനന്തപുരം: മണ്ഡല- മകര വിളക്ക് കാലത്ത് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ശബരില സ്‌പെഷ്യൽ സർവീസുകൾക്കും നിലയ്ക്കൽപമ്പ ചെയിൻ സർവീസുകൾക്കും 30 ശതമാനം നിരക്ക് വർദ്ധന ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ച് നൽകിയ ഉത്സവഫെയറും ഗാട്ട് ഫെയറുമാണ് ടിക്കറ്റ് ചാർജിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സി.എം.ഡി ടോമിൻ ജെ.തച്ചങ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മണ്ഡലകാലത്ത് 300 സ്‌പെഷ്യൽ സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുക. ഇതിൽ 50 എണ്ണം പമ്പ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിലേക്കും 250 എണ്ണം വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്കുമാണ്. തീർഥാടകർക്ക് മാത്രമായാണ് ഇവ നിശ്ചയിച്ചിട്ടുള്ളത്. തീർഥാടകരുടെ ആവശ്യത്തിനല്ലാതെ ഇവയ്ക്ക് എല്ലാ സ്റ്റോപ്പുകളും ഉണ്ടാവില്ല.
നിലയ്ക്കൽ-പമ്പ റൂട്ടിൽ 200 നോൺ എ.സി ബസുകളും 50 എ.സി ബസുകളുമാണ് സർവീസ് നടത്തുക. നോൺ എ.സി ബസുകൾക്ക് 40 ഉം എ.സി ബസുകൾക്ക് 75 ഉം രൂപയാണ് നിരക്ക്. ഈ രണ്ട് സ്‌പെഷ്യൽ സർവീസുകൾക്കും മാത്രമാണ് ഉത്സവഗാട്ട് നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിക്കുന്ന നവംബർ 16 മുതൽ മാത്രമാണ് ഈ നിരക്കുകൾക്ക് പ്രബല്യമുണ്ടാവുക. എന്നാൽ ആറ് ഡിപ്പോകളിൽ നിന്ന് സാധാരണ ദിവസങ്ങളിലും പമ്പ സർവീസുകൾ നടത്താറുണ്ട്. ഈ ബസുകൾക്ക് 30 ശതമാന വർദ്ധന ബാധകമല്ല. എന്നാൽ ഈയിടെ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോയ ബസിൽ 30 ശതമാനം അധികചാർജ് ഈടാക്കിയത് നിയമവിരുദ്ധമാണ്. ഇത് കണക്കിലെടുത്ത് ഉത്തരവാദിയായ ഡി.ടി.ഒയെ സ്ഥലം മാറ്റിയിട്ടുണ്ട്. തൊടുപുഴ ഡി.ടി.ഒക്കാണ് പകരം ചുമതല നൽകിയിട്ടുള്ളതെന്നും തച്ചങ്കരി അറിയിച്ചു.