pv-anwar

കൊച്ചി: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെതിരായുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാ‌ഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണം വിഭാഗം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മലപ്പുറം സ്വദേശിയും പ്രവാസിയുമായ സലീം എന്നയാളെ പറ്റിച്ച് 50ലക്ഷം രൂപ തട്ടിയ കേസിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

മംഗലാപുരത്തുള്ള പാറമടകളിലെ ഓഹരികൾ വാഗ്ദ്ധാനം ചെയ്ത് അൻവർ പറ്റിച്ചുവെന്നാണ് സലീമിന്റെ പരാതി. ഇല്ലാത്ത കമ്പനിയുടെ പേരും പറഞ്ഞാണ് അൻവർ പണം വാങ്ങിയതെന്നും സലീമിന്റെ പരാതിയിൽ പറയുന്നു. പണം നൽകിയതിനെ തുടർന്ന് ബിസിനസിലെ ലാഭവിഹിതം ചോദിച്ച് സലീം രംഗത്തെത്തിയതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് മനസിലാവുന്നത്.

ലാഭവിഹിതം താരത്തതിനെ തുടർന്ന് സലീം നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയൊരു കമ്പനി നിലവിലില്ലെന്നും വ്യക്തമായി. ഇതേതുടർന്ന് മഞ്ചേരി പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം പൂർണമായും ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും.