കൊച്ചി: പ്രമുഖ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയാ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ 'എസ്.പി 2ഐ" 2019ൽ വിപണിയിലെത്തും. വാഹനത്തിന്റെ കോഡ് നാമമാണിതെന്നും യഥാർത്ഥ പേര് പിന്നീട് വ്യക്തമാക്കുമെന്നും കിയാ മോട്ടോഴ്‌സ് ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മേധാവി മനോഹർ ഭട്ട് പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ ഒരേസമയമായിരിക്കും ലോഞ്ചിംഗ്. കേരളത്തിൽ ഉൾപ്പെടെ വിപുലമായ ഡീലർ ശൃംഖലയും കമ്പനിക്കുണ്ടാകും.
ലോകത്തെ ഏറ്രവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയിൽ, അതിവേഗം വളരുന്ന വിഭാഗമാണ് എസ്.യു.വി. പെട്രോൾ, ഡീസൽ എൻജിൻ വേരിയന്റുകളുള്ള മിഡ്-എസ്.യു.വിയാണ് എസ്.പി. 2ഐ. റെനോ ഡസ്‌റ്റർ, മാരുതി എസ്-ക്രോസ് എന്നിവയോട് മത്സരിക്കുന്ന എസ്.പി 2ഐയ്ക്ക് അതേ വിലനിലവാരം പ്രതീക്ഷിക്കാം. ആന്ധ്രയിലെ അനന്ത്‌പൂരിൽ 110 കോടി ഡോളർ നിക്ഷേപിച്ചൊരുക്കിയ പ്ളാന്റ് അടുത്തവർഷം പൂർണസജ്ജമാകും. 3,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പ്ളാന്റിന്റെ വാർഷിക ഉത്‌പാദനശേഷി മൂന്നുലക്ഷം യൂണിറ്റുകളാണ്. ഉത്‌പാദനം 2019ന്റെ രണ്ടാംപാതിയിൽ ആരംഭിക്കും.
കടുവകളോട് സാദൃശ്യമുള്ള മുഖഭാവവും മികച്ച രൂപഭംഗിയുമാണ് കിയ മോഡലുകളുടെ മുഖ്യാകർഷണം. ഇന്ത്യയ്‌ക്കായുള്ള തനത് മോഡലാണ് എസ്.പി. 2ഐ. കയറ്റുമതിയുമുണ്ടാകും. ഓരോ ആറുമാസത്തിലും കിയ പുതിയ മോഡൽ വിപണിയിലെത്തിക്കും. മൂന്നുവർഷത്തിനകം ഇന്ത്യയിലെ ടോപ് 5 കമ്പനികളിൽ ഉൾപ്പെടുകയാണ് ലക്ഷ്യം. 2025ഓടെ 16 ഇലക്‌ട്രിക് വാഹനങ്ങൾ അവതരിപ്പിക്കും. ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള മികവ് അനന്ത്പൂർ പ്ളാന്റിനുണ്ട്. ഇന്ത്യൻ വിപണി ഇവയ്‌ക്കായി സജ്ജമാകുമ്പോൾ, കിയ മോഡലുകളുടെ ഹൈബ്രിഡ്, ഇലക്‌ട്രിക് പതിപ്പുകൾ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.