തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ ദർശനം നടത്താൻ ബുക്ക് ചെയ്ത 10നും 50 വയസിനും ഇടയിലുള്ള സ്ത്രീകളുടെ എണ്ണം 800 കവിഞ്ഞു. ആന്ധ്രയിൽ നിന്നാണ് ഇവരിലേറെ പേരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ ബുക്ക് ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഓൺലൈൻ ബുക്കിംഗ്, ശബരിമല ഡിജിറ്റൽ ക്രൗഡ് മാനേജ്മെന്റ് സിസ്റ്രം എന്നീ ഓൺലൈൻ സേവനങ്ങൾ വഴിയാണ് ദർശനം ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങൾ നിലനിൽക്കേ ദർശനം ബുക്ക് ചെയ്ത യുവതികളുടെ കണക്ക് വിവരങ്ങൾ പുറത്തു വിടരുതെന്ന നിർദേശമുണ്ട്.
ജനുവരി 19 വരെ sabarimalaq.com എന്ന വെബ് സൈറ്ര് വഴി ദർശനം ബുക്ക് ചെയ്യാവുന്നതാണ്. ദർശന സമയത്തിനോടൊപ്പം കെ.എസ്.ആർ.ടി.സി ടിക്കറ്റും പോർട്ടൽ വഴി ബുക്ക് ചെയ്യാവുന്നതാണ്. ദർശനം നടത്തുന്ന സമയവും ബുക്ക് ചെയ്യുന്ന വ്യക്തിക്ക് തിരഞ്ഞെടുക്കാം. നിലയ്ക്കൽ മുതൽ പമ്പ വരെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ് അനുവാദമുള്ളത്. വെബ് പോർട്ടൽ വഴി ബസ് യാത്ര ബുക്ക് ചെയ്യാതെ നിലയ്ക്കൽ എത്തുന്നവർ നിലയ്ക്കലുള്ള കെ.എസ്.ആർ.ടി.സി കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കണം. നിലയ്ക്കൽ നിന്ന് പമ്പ വരെ പോയി തിരിച്ച് വരാൻ കഴിയുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. 48 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന നോൺ എ.സി. ടിക്കറ്റുകൾക്ക് 80 രൂപയും എ.സി. ടിക്കറ്രുകൾക്ക് 150 രൂപയുമാണ്.
ഒക്ടോബർ 30 മുതലാണ് ദർശനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനം പൊലീസ് ആരംഭിച്ചത്. sabarimalaq.com എന്ന പോർട്ടൽ വഴി ദർശനം ബുക്ക് ചെയ്യുന്നവർക്ക് ഡിജിറ്റൽ ക്യൂ കൂപ്പൺ ലഭിക്കും. ഈ കുപ്പൺ ലഭിക്കുന്നവർക്ക് ഡിജിറ്റൽ ക്യൂ എൻട്രി കാർഡ് ലഭിക്കും. എൻട്രി കാർഡുള്ളവരെ മാത്രമാണ് പമ്പയിൽ നിന്ന് കടത്തി വിടുന്നത്. കാർഡ് പരിശോധന നടത്താൻ ഗണപതി കോവിലിനടുത്തും പമ്പയിലും മരക്കൂട്ടത്തും സന്നിധാനത്തും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കും.