കോഴിക്കോട‌്: 'നാം ഒന്നാണ് കേരളം മതനിരപേക്ഷമാണ്" എന്ന മുദ്രാവാക്യം ഉയർത്തി വർഗീയോച്ചാടന കാമ്പെയിൻ സംഘടിപ്പിക്കാൻ കോഴിക്കോട് സമാപിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കാമ്പെയിൻ നവംബർ 25ന് തുടങ്ങുമെന്ന് പുതിയ ഭാരവാഹികളും പഴയ ഭാരവാഹികളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാം വിമോചന സമരം അനുവദിക്കില്ല. കെ.ടി. ജലീൽ പ്രശ്നത്തിൽ ഏറ്റവും പുതിയ സംഭവ വികാസം എന്താണെന്ന് മനസിലാക്കാൻ സാധിച്ചിട്ടില്ല. ലഭിച്ച വിവരം അനുസരിച്ച് ഇതൊരു രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്നാണ് ഡി.വൈ.എഫ്.ഐ വിലയിരുത്തൽ. പി.കെ. ശശി എം.എൽ.എയ്ക്കെതിരെ പരാതി ഉന്നയിച്ച യുവതി ഈ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. അവരെ ഒരു തരത്തിലും മാറ്റിനിറുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഡി.വൈ.എഫ്.ഐ എന്നും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഭാരവാഹികളുടെ പ്രായം 37 ആയി കുറച്ചത് തങ്ങൾ അല്ല. മാദ്ധ്യമങ്ങളാണ്- അവർ പറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമാക്കിയ കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരണമെന്ന് സമ്മേളനം ആഹ്വാനം ചെയ‌്തു.
ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും മാദ്ധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനും കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംഘപരിവാറിനെ തുറന്നുകാട്ടുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും കായികമായി ആക്രമിക്കാനാണ് ആർ.എസ്.എസ് മുതിരുന്നത്. ഇതിനെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന മാദ്ധ്യമസ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും ഡി.വൈ.എഫ്.ഐ പിന്തുണ പ്രഖ്യാപിച്ചു.