modi-pence

സിംഗപ്പൂർ: പ്രതിരോധ, വ്യാപാര കരാറുകളിൽ ഇന്ത്യ- യു.എസ് ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. സിംഗപ്പൂരിൽ നടക്കുന്ന കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടിയിലായിരുന്നു മോദിയും മൈക്ക് പെൻസും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വിവിധ വിഷയങ്ങളും ഭീകര വിരുദ്ധ പ്രവർത്തനങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.

ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് ഒരു രാജ്യത്തിന്റെ പേരെടുത്ത് പറയാതെ പാകിസ്ഥാനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പരാമർശ നടത്തി.

പാക് തിരഞ്ഞെടുപ്പുകളിൽ ഭീകര ബന്ധമുള്ളവർ മത്സരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ആശങ്കയറിയിച്ചു. ഭീകരപ്രവർത്തനങ്ങളെ നേരിടാൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ഇരുരാജ്യങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു.

മോദിയും മൈക്ക് പെൻസും തമ്മിൽ നടന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ദൃഢമാക്കിയെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.