ഗാങ്ടോക്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലെെംഗികാതിക്രമണം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകനും പെൺകുട്ടി താമസിക്കുന്ന ഹോസ്റ്റൽ വാർഡനും കൂടിയായ അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഈസ്റ്റ് സിക്കിമിലാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിയെ ഇയാൾ മാസങ്ങളോളം ക്രൂരപീഡനത്തിനിരയാക്കിയെന്ന് പോലീസ് പറയുന്നു.
സ്കൂളിലും ഹോസ്റ്റലിൽ വച്ചും ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി മൂത്ത സഹോദരിയോട് കാര്യം പറയുകയായിരുന്നു. വിവരം അറിഞ്ഞ സഹോദരി രക്ഷിതാക്കളെ അറിയിക്കുകയും പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ചൊവ്വാഴ്ച രാത്രി തന്നെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സ്‌കുളിനെതിരേ രക്ഷിതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.