1. വാർത്താ വിനിമയ രംഗത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷയായി പുതിയ ഉപഗ്രഹം ജി സാറ്റ് 29 ഭ്രമണപഥത്തിൽ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ വിക്ഷേപണം നടന്നത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ. ഉൾപ്രദേശങ്ങളിൽ നിന്നുവരെ വിവരങ്ങൾ ശേഖരിക്കാവുന്ന മൾട്ടി ബീം, മൾട്ടി ബാൻഡ് ഉൾപ്പെടെ നവീന സങ്കേതികത ഉപഗ്രഹത്തിൽ സജ്ജമെന്ന് ഐ.എസ്.ആർ.ഒ.
2. പത്ത് വർഷം കാലാവധിയുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടി ഉപഗ്രഹമാണ് ജി സാറ്റ് 29. 3423 കിലോയാണ് ജി സാറ്റ് 29ന്റെ ഭാരം. മാർക്ക് മൂന്ന് ഡി ടു വാഹനമാണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ചത്. വിക്ഷേപണം വിജയം എന്ന് ഐ.എസ്.ആർ.ഒ.
3. സാമ്പത്തിക തട്ടിപ്പ് കേസിൽ പി.വി. അൻവർ എം.എൽ.എയ്ക്ക് കുരുക്ക് മുറുകുന്നു. അൻവറിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി. അൻവറിന് എതിരായ കേസ് പ്രവാസി വ്യവസായിയെ പറ്റിച്ച് 50 ലക്ഷം തട്ടിയെന്ന്. ഹൈക്കോടതി ഉത്തരവ് മഞ്ചേരി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്ന ഹർജിയിൽ.
4. ശബരിമലയിൽ യുവതീ പ്രവേശന വിധി നടപ്പാക്കുകയാണ് ദേവസ്വം ബോർഡിന് മുന്നിലുള്ള പോംവഴി എന്ന് നിയമോപദേശം. ഇന്നലത്തെ വിധി ഇതിൽ കൂടുതൽ വ്യക്തത വരുത്തി എന്ന് അഭിഭാഷകൻ ചന്ദ്രോദയ് സിംഗ്. ബോർഡ് നിയമോപദേശം തേടിയത്, യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാതെ പുനപരിശോധനാ ഹർജികളിൽ ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കും എന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ. യുവതീ പ്രവേശനം സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. റിവ്യൂ ഹർജികളിൽ തീരുമാനം ആകുന്നതു വരെ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്മ.
5. പുനപരിശോധനാ ഹർജികൾ നേരത്തെ പരിഗണിക്കണം എന്ന ആവശ്യവും സുപ്രീംകോടതി തള്ളി. റിവ്യൂ ഹജികൾ ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ്. അതേസമയം, ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച ചർച്ചയ്ക്ക് തയ്യാറെന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും. നാളെ മൂന്ന് മണിക്ക് നടക്കുന്ന ചർച്ചയിൽ മണ്ഡല കാലത്ത് ശബരിമലയിൽ യുവതീ പ്രവേശനം പാടില്ല എന്ന് ആവശ്യപ്പെടും എന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ. ശബരിമല വിഷയത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
6. മണ്ഡല കാല പൂജകൾക്കായി നട തുറക്കാൻ രണ്ടു നാൾ ശേഷിക്കെ, സന്നിധാനവും പരിസരവും കന്നത്ത പൊലീസ് കാവലിൽ. ശബരിമലയിൽ പൊലീസിനെ വിന്യസിക്കുന്നത്, നാല് ഘട്ടങ്ങളിലായി. ആദ്യ 3 ഘട്ടങ്ങളിൽ 4500 വീതം പൊലീസുകാരെ ശബരിമലയിൽ നിലനിർത്തും. മകര വിളക്കിന് എത്തിക്കുക 5000 പൊലീസുകാരെ. പമ്പ മുതൽ നിലയ്ക്കൽ വരെ 200 വനിതാ പൊലീസുകാരെ നിയോഗിക്കാനും 1500 പേരെ ശബരിമലയിൽ വിന്യസിക്കാനും സർക്കാർ തീരുമാനം. പമ്പയിലെയും സന്നിധാനത്തെയും സുരക്ഷാ ചുമതല ഐ.ജിമാർക്ക്.
7. ക്രമസമാധാനവും തിരക്കും വെവ്വേറെ നിയന്ത്രിക്കാൻ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ രണ്ട് എസ്.പിമാർ. മാദ്ധ്യമ പ്രവർത്തകർക്ക് പ്രവേശനാനുമതി നാളെ രാത്രി 8 മണിക്ക് ശേഷം മാത്രം. സുപ്രീംകോടതി വിധി വന്നതിന് ശേഷം രണ്ട് തവണയും നട തുറന്നപ്പോൾ നിയന്ത്രണം പൊലീസിന്റെ കയ്യിൽ നിന്ന് പ്രതിഷേധക്കാർ ഏറ്റെടുത്തതോടെ ഉണ്ടായത് വൻ സംഘർഷങ്ങൾ.
8. അതിനിടെ, ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി. ഈമാസം 17ന് ശബരിമല സന്ദർശിക്കാൻ എത്തുമ്പോൾ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി കേരള കർണാടക മുഖ്യമന്ത്രിമാർക്കും ഡി.ജി.പിക്കും കത്ത് നൽകി. പ്രധാനമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. ആറ് യുവതികൾക്ക് ഒപ്പമാണ് തൃപ്തി എത്തുന്നത്. ശബരിമലയിൽ കയറാതെ തിരിച്ചു പോകില്ല എന്നും തൃപ്തി ദേശായി.
9. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ മുതൽ കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഈമാസം 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഉരുൾ പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം എന്നും നിർദ്ദേശം.
10. കേരള സർക്കാരിന്റെ ലോട്ടറി നറുക്കെടുപ്പ് തത്സമയം കൗമുദി ടിവിയിൽ. ഈമാസം 15 മുതൽ എല്ലാ ദിവസും വൈകിട്ട് മൂന്ന് മുതൽ നാല് വരെയാണ് സംപ്രേഷണം. കൗമുദി ടിവിയിലും കൈരളി ടിവിയിലും നറുക്കെടുപ്പ് കാണാം.