കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോഴും വിധി വന്നപ്പോഴും അതിനെ അനുകൂലിച്ച കോൺഗ്രസും ബി.ജെ.പിയും ഇപ്പോൾ മലക്കം മറിഞ്ഞത് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിധിയെ ചരിത്ര വിധിയെന്ന് പറഞ്ഞു സ്വാഗതം ചെയ്തവരാണ് കോൺഗ്രസും ബി.ജെ.പിയും. എന്നാൽ പിന്നീട് നിലപാട് മാറ്റി. ബി.ജെ.പിയുടെ കൊടി എടുക്കാതെ അവരുമായി സഹകരിക്കാമെന്നതാണ് കോൺഗ്രസ് അജണ്ട. എന്നാൽ ചില കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് കൂടുമാറിയെന്നും പിണറായി വിമർശിച്ചു.
പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി പിണറായി വിജയൻ നിശിതമായി വിമർശിച്ചു. ചോദ്യങ്ങളും കുറ്റങ്ങളും ഉന്നയിക്കുമ്പോൾ വായ തുറക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. പാർലമെന്റിൽ ഉയരുന്ന വിമർശനങ്ങൾക്കൊന്നും മറുപടി നൽകാൻ നരേന്ദ്ര മോദി തയ്യാറല്ല. ജനാധിപത്യത്തോട് ആർ.എസ്.എസിന് പുച്ഛമാണ്. ഫാസിസമാണ് അവർ ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. മോദി സർക്കാരിന്റെ നിലപാടുകളിലൂടെ ഇവരുടെ ഈ മനോഭാവമാണ് വെളിവാകുന്നത്. സുപ്രീം കോടതിയെ പോലും വിലയില്ലാതെയാണ് അവരുടെ പെരുമാറ്റം. കോടതിയെ അവഗണിച്ചാണ് രാമക്ഷേത്രം വിഷയത്തിൽ ബി.ജെ.പി നേതാക്കളുടെ പ്രസ്താവന. റാഫേൽ ഇടപാടിൽ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണ് സി.ബി.ഐയിൽ മാറ്റങ്ങൾ കൊണ്ടു വന്നത്. സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളെ വരുതിയിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇത്തരം നടപടികൾ സി.ബി.ഐ പോലെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും പിണറായി കുറ്റപ്പെടുത്തി.