തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാതെ സർക്കാരിന് വേറെ വഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീരാമന് പകരം കേരളത്തിൽ ബി.ജെ.പി അയ്യപ്പനെ ഉപയോഗിക്കുകയാണെന്നും വിധി നടപ്പാക്കുന്നത് തടയാൻ മോദിയും ബി.ജെ.പിയും വർഗീയ കാർഡിറക്കുകയാണെന്നും കോടിയേരി ആരോപിച്ചു. രാജ്യത്ത് ബി.ജെ.പിക്കെതിരായ വികാരം ശക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകാനിടയില്ലെന്നും കോടിയേരി വ്യക്തമാക്കി. മണ്ഡലമകര വിളക്ക് കാലത്ത് ശബരിമലയിൽ അരലക്ഷത്തിലേറെ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷി യോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കുമെന്നും കോടിയേരി അറിയിച്ചു.
യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തിൽ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്. പന്ത് സർക്കാറിന്റെ കോർട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാദ്ധ്യതയിൽ നിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയൻ നൽകിയതെന്നും കോടിയേരി പറഞ്ഞു.