ന്യൂഡൽഹി: വൊഡാഫോണും ഐഡിയയും ലയിച്ചുണ്ടായ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോൺ ഐഡിയയ്ക്ക് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ നഷ്‌ടം 4,950.7 കോടി രൂപ. ലയനശേഷം പ്രഖ്യാപിക്കുന്ന ആദ്യ പ്രവർത്തനഫലമാണിത്. കുറഞ്ഞ സേവനനിരക്കുകളും ഉയർന്ന പ്രവർത്തനച്ചെലവും റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളിയുമാണ് കമ്പനിക്ക് തിരിച്ചടിയായത്. വരുമാനം 7.1 ശതമാനം ഇടിഞ്ഞ് 7,663 കോടി രൂപയിലെത്തി.
താരിഫ് നിരക്ക് കഴിഞ്ഞപാദത്തിൽ സ്ഥിരത നേടിയെങ്കിലും കുറഞ്ഞ താരിഫിലേക്ക് കൂടുതൽ ഉപഭോക്താക്കൾ കൂടുമാറിയത് നഷ്‌ടത്തിന് വഴിയൊരുക്കിയെന്ന് കമ്പനി വ്യക്തമാക്കി. പ്രതി ഉപഭോക്തൃ വരുമാനം കഴിഞ്ഞപാദത്തിൽ 88 രൂപയാണ്. 4.7 ശതമാനമാണ് ത്രൈമാസാധിഷ്‌ഠിത ഇടിവ്. സെപ്‌തംബർ 30 പ്രകാരം 1.26 ലക്ഷം കോടി രൂപയുടെ കടബാദ്ധ്യത കമ്പനിക്കുണ്ട്. കഴിഞ്ഞപാദത്തിൽ 1.3 കോടി ഉപഭോക്താക്കളും കമ്പനിയെ കൈവിട്ടു.
പ്രവർത്തനം വിപുലീകരിക്കാനായി ഓഹരി വില്‌പനയിലൂടെയും ഫൈബർ ആസ്‌തി വിറ്റഴിച്ചും 25,000 കോടി രൂപ സമാഹരിക്കാൻ ഡയറക്‌ടർ ബോർഡിന്റെ അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവ ഉയർത്തുന്ന വെല്ലുവിളി നേരിടുകയും കമ്പനിയുടെ ലക്ഷ്യമാണ്.
കഴിഞ്ഞ ആഗസ്‌റ്രിലാണ് വൊഡാഫോണും ഐഡിയയും തമ്മിൽ ലയിച്ചത്. പുതിയ കമ്പനിയിൽ വൊഡാഫോണിന് 45.2 ശതമാനവും ഐഡിയയുടെ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പിന് 26 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.