പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്തിന്റെ ആദ്യഘട്ടസേവനത്തിനുള്ള പൊലീസ് എത്തിത്തുടങ്ങി. നിലയ്ക്കൽ മുതലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഇന്നു വൈകുന്നേരത്തോടെ പൊലീസിന്റെ നിയന്ത്രണത്തിലാകും. ചിത്തിര ആട്ടത്തിരുനാളിന് ഏർപ്പെടുത്തിയതുപോലെ നിലയ്ക്കലിൽ നിന്നും നാളെ രാവിലെ 10 മുതൽ മാത്രമേ അയ്യപ്പഭക്തരെ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞു മാത്രമേ മലകയറ്റം അനുവദിക്കൂ.
മണ്ഡലകാലത്ത് ശബരിമലയിൽ 5200 പൊലീസുകാരെയാണ് നിയോഗിക്കുന്നത്. വനിതാ പൊലീസ് കമാൻഡോകൾ അടക്കം ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തേക്ക് 50 വയസിൽ കൂടുതലുള്ള വനിതാ ഉദ്യോഗസ്ഥരെയാകും നിയമിക്കുക. സന്നിധാനത്തും പമ്പയിലും ഓരോ ഐജിമാരും രണ്ട് എസ്പിമാർ വീതവും സുരക്ഷാ ക്രമീകണങ്ങൾക്കു നേതൃത്വം നൽകും. സന്നിധാനത്ത് ആദ്യഘട്ടത്തിൽ ഐജി വിജയ് സാക്കറെയും പമ്പയിൽ അശോക് യാദവുമാണ് സുരക്ഷാ ക്രമീകരണങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്. ഇതിനിടെ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് ഇപ്പോൾ കടത്തിവിടരുതെന്ന നിർദേശവുമായി പൊലീസ് ഉദ്യോഗസ്ഥർ എത്തി. നിലവിൽ സന്നിധാനത്തെത്തിയ ദൃശ്യമാധ്യമ പ്രവർത്തകർ പമ്പയിലേക്കു മടങ്ങണമെന്നാണ് നിർദേശം. ശബരിമലയിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്ന് കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചിരുന്നതാണ്.