നാഗ്പൂർ: വീഡിയോ ഗെയിമുകൾക്ക് അടിമയായ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ഗെയിം കളിക്കുന്നത് വർദ്ധിച്ചതോടെ അമ്മ മൊബെെൽഫോൺ പിടിച്ചു വാങ്ങിയതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മഹാരാഷ്ടയിലെ നാഗ്പൂരിലാണ് സംഭവം. അമ്മയും ചേച്ചിയും വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. വീഡിയോ ഗെയിമുകൾക്ക് അടിമയായ കുട്ടി മൊബൈൽ ഫോൺ കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വിദ്യാർത്ഥിയായ ക്രിഷ് സുനിൽ ലുനാവട്ട് (14) മാസങ്ങളായി മെബെെലിലെ ഗെയിമുകൾക്ക് അടിമയായിരുന്നു. അമ്മയും ചേച്ചിയും വീട്ടിൽ ഇല്ലാത്ത സമയത്തൊക്കെ സ്കൂളിൽ പോകാതെ മണിക്കൂറുകളോളം ഗെയിമുകളിൽ മുഴുകിയിരിക്കുമായിരുന്നു. ഒരു കൊല്ലമായി സ്കൂളിൽ പോയിരുന്നില്ല. ഈയിടെ പുതിയ പ്ലേസ്റ്റേഷൻ വാങ്ങിത്തരാൻ കുട്ടി അമ്മയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം അമ്മ മുംബയിലേക്ക് പോകുന്നതിനിടെ കുട്ടിയുടെ കെെയിൽ നിന്നും മൊബെെൽഫോൺ വാങ്ങിവച്ചിരുന്നു. മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ച മകനിൽ നിന്നും അമ്മ നിർബന്ധപൂർവം പിടിച്ചുവാങ്ങുകയാണ് ചെയ്തത്. ഇതിന്റ മനോവിഷമത്താലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരിയാണ് മൃതദേഹം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.