abduction-of-child

മഹാരാഷ്ട്ര: സിനിമയിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ് മഹാരാഷ്ട്രയിലെ മുമ്പ്രയിൽ അരങ്ങേറിയത്. മുറ്രത്ത് കളിക്കുന്നതിനിടയിൽ തന്റെ കുഞ്ഞനുജനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെ പിന്തുടർന്ന് പത്തു വയസുകാരൻ ജ്യേഷ്‌ഠൻ രക്ഷകനായി. പലരും പകച്ചു പോകുന്ന ഒരു അവസ്ഥയിലാണ് ആ കുട്ടിയുടെ അവസരോചിതമായ പ്രവൃത്തി അനിയനെ രക്ഷിച്ചത്. കുഞ്ഞനുജനെ തട്ടിക്കൊണ്ടു പോകുന്ന സ്ത്രീയെ പിന്തുടരുന്ന ജ്യേഷ്‌ഠന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്.

ജ്യേഷ്‌ഠന്മാരോടൊത്ത് മുറ്രത്ത് കളിക്കുമ്പോഴാണ് പർദ്ദ ധരിച്ച ഒരു സ്ത്രീ ഏറ്രവും ഇളയ കുട്ടിയുടെ അടുത്തെത്തി ഇടപഴകാൻ തുടങ്ങിയത്. പൊടുന്നനെ കുട്ടിയെയുമെടുത്ത് ഇവർ നടക്കാൻ തുടങ്ങി. അനുജനെയും എടുത്ത് നടക്കുന്ന സ്ത്രീയെ പിന്തുടർന്ന് എവിടെയാണ് കുട്ടിയെ കൊണ്ടു പോകുന്നതെന്ന് പത്തുവയസുകാരൻ ചേട്ടൻ ചോദിച്ചു. കുട്ടിക്ക് മിഠായി വാങ്ങാനാണെന്ന് പറഞ്ഞ സ്ത്രീ നടപ്പിന്റെ വേഗത കൂട്ടി. എന്നാ‍ൽ വിട്ടു കൊടുക്കാൻ ചേട്ടൻ തയ്യാറായില്ല. സ്ത്രീയെ വിടാതെ ആ കുട്ടി പിന്തുടർന്നു. തുടർന്ന് ആ സ്ത്രീ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു. പത്തു വയസുകാരന്റെ അവസരോചിതമായ പ്രവൃത്തിയും ധീരതയും സോഷ്യൽ മീഡിയയിൽ തരംഗമാണ്.