nipah

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്‌ത്തിയ നിപരോഗത്തെ കൈമെയ് മറന്ന് പ്രതിരോധിക്കാൻ സന്നദ്ധരായ കോഴിക്കോട് മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച ഉത്തരവ് റദ്ദാക്കി. ഇവരുടെ കരാർ കാലാവധി അടുത്തമാസം 31വരെ നീട്ടി. എന്നാൽ ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്നും തുടർകരാറുകളിൽ മുൻഗണന നൽകുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

നിപ രോഗകാലത്ത് സേവനമനുഷ്ഠിച്ച താൽകാലിക ജീവനക്കാരെ മുഴുവൻ സർക്കാർ പിരിച്ചുവിടാനായിരുന്നു നേരത്തെ പുറത്തുവന്ന ഉത്തരവ്. ഈ ഉത്തരവാണ് സർക്കാർ റദ്ദാക്കിയത്. എന്നാൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ട്. ഇവർക്ക് ഇനിയുള്ള കരാർ നിയമനങ്ങളിൽ മുൻഗണന നൽകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു നേരത്തെ മന്ത്രി നൽകിയ വാഗ്‌ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വഴി സർക്കാരിന് നൽകിയിരുന്നു. ഇതിനിടയ്‌ക്കാണ് ജീവനക്കാരെ പിരിച്ചു വിടാൻ സർക്കാർ ഉത്തരവിട്ടത്.