rajasthan

ന്യൂഡൽഹി: ഡിസംബർ 7ന് നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും പ്രഖ്യാപിച്ചു. രണ്ടുപേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്. അതിനിടെ രാജസ്ഥാനിലെ ദൗസ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി എംപി ഹരീഷ് മീണ കോൺഗ്രസിൽ ചേർന്നു. ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നാഗൗറിലെ സിറ്റിംഗ് ബി.ജെ.പി എം.എൽ.എ ഹബീബുൾ റഹ്‌മാനും കോൺഗ്രസിലെത്തി.

ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന ഹരീഷ് മീണയെ സ്വാഗതം ചെയ്യാൻ ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അശോക് ഗെലോട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചത്. അടുത്തിരുന്ന സച്ചിൻ പൈലറ്റും ഇക്കാര്യം സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധിയും അശോക് ഗെലോട്ടും നിർബന്ധിച്ചതിനാൽ താനും മത്സരിക്കുന്നുണ്ടെന്ന് സച്ചിൻ പറഞ്ഞു. രാജസ്ഥാനിൽ പാർട്ടി ഭൂരിപക്ഷം നേടിയാൽ മുതിർന്ന നേതാവായ അശോക് ഗെലോട്ടിനും യുവനേതാവായ സച്ചിൻ പൈലറ്റിനുമാണ് മുഖ്യമന്ത്രി പദത്തിന് സാദ്ധ്യത. മുഖ്യമന്ത്രി ആരാകാണമെന്ന് രാഹുൽ ഗാന്ധി തീരുമാനിക്കുമെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് ഗെലോട്ട് മറുപടി നൽകി. തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിൽ ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ രണ്ടു ഗ്രൂപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. യുവാക്കൾക്ക് മുൻഗണന നൽകുന്ന രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ പരിഗണിച്ചാൽ ഗെലോട്ട് വിഭാഗത്തിന് അത് തിരിച്ചടിയാകും. ഗെലോട്ട് വിഭാഗത്തെ പിണക്കാതെ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയെന്നതാണ് ഹൈക്കമ്മാൻഡിന്റെ ലക്ഷ്യം. ജനപ്രിയ നേതാക്കളായ രണ്ടുപേരും മത്സരിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. അധികാരമുറപ്പായാൽ രാഹുൽ ഗാന്ധി നിശ്‌ചയിക്കുന്ന ഒരാൾ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം മത്സരിക്കാമെന്ന നിർദ്ദേശവും ഉയർന്നിരുന്നു. അന്തരിച്ച നേതാവ് രാജേഷ് പൈലറ്റിന്റെ മകനായ സച്ചിൻ പൈലറ്റ് യു.പി.എ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. 2014ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജ്‌മീരിൽ പരാജയപ്പെട്ട ശേഷം അദ്ദേഹം സംസ്ഥാനത്ത് ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.

തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തോൽവി നേരിടുമെന്ന സൂചന മുന്നിൽ കണ്ട് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. നേതാക്കൾ ക്യൂ നിൽക്കുകയാണെന്ന് ഹരീഷ് മീണയെ സ്വാഗതം ചെയ്‌തു കൊണ്ട് അശോക് ഗെലോട്ട് പറഞ്ഞു. ഹരീഷ് മീണ രാജസ്ഥാനിലെ മുൻ ഡി.ജി.പിയാണ്. ഇദ്ദേഹം നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചേക്കും.