ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമലഹാസൻ ഷങ്കർ ചിത്രം ഇന്ത്യൻ 2ൽ ചിമ്പു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ചിമ്പു എത്തുക. തിരക്കഥ കേട്ട ചിമ്പു അഭിനയിക്കാൻ സമ്മതംമൂളിയെന്നാണ് റിപ്പോർട്ടുകൾ. അജയ് ദേവ്ഗൺ, കാജൽ അഗർവാൾ, നയൻതാര തുടങ്ങി പ്രമുഖ താരങ്ങളെയും ചിത്രത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഷൂട്ടിംഗ് ഡിസംബറിൽ തുടങ്ങും. ഹൈദരാബാദാണ് പ്രധാന ലൊക്കേഷൻ. ഇന്ത്യൻ 2നായി കമലഹാസൻ ശരീരം ഭാരം കുറയ്ക്കുന്നതായി വാർത്തകളുണ്ടായിരുന്നു. രവി വർമ്മൻ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനവും നിർവഹിക്കും.
അതേസമയം ഒരിടവേളയ്ക്ക് ശേഷം തമിഴ് സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ചിമ്പു. മണിരത്നം ചിത്രം ചെക്ക ചിവന്ത വാനത്തിലെ ചിമ്പുവിന്റെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിമ്പു ഇപ്പോൾ അഭിനയിക്കുന്നത്. ജ്യോതികയുടെ കാട്രിൻ മൊഴിയിൽ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.