സർപ്രൈസ് ഹിറ്റായ രാക്ഷസനിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെയെല്ലാം ഹരമായി മാറിയ യുവതാരം വിഷ്ണുവിശാൽ വിവാഹമോചിതനായി. ട്വിറ്ററിലൂടെ വിഷ്ണു വിശാൽ തന്നെയാണ് വിവാഹമോചന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
''ഞാനും രജനിയും ഒരു വർഷത്തിലേറെയായി വേർപിരിഞ്ഞിട്ട്. നിയമപരമായി വിവാഹമോചനം ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം. ഞങ്ങളുടെ പൊന്നോമന പുത്രനെ ഞങ്ങൾ നന്നായി നോക്കും. നല്ല സുഹൃത്തുക്കളായി തുടരുകയും ചെയ്യും. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച മനോഹരമായ കുറേ വർഷങ്ങൾ എന്നും ഓർമ്മയിലുണ്ടാകും.'' ട്വിറ്ററിൽ വിഷ്ണുവിശാൽ കുറിക്കുന്നു.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ അടുത്ത സുഹൃത്താണ് രജനിയുടെ പിതാവ് നടരാജ് .സൂപ്പർതാര സുഹൃത്തിനോടുള്ള ആദരവായിട്ടാണ് മകൾക്ക് നടരാജ് രജനിയെന്ന പേര് നൽകിയത്. 2011ലാണ് വിഷ്ണുവിശാൽ രജനിയെ കല്യാണം കഴിച്ചത്. 2017ൽ ഇവർക്ക് ആര്യൻ എന്ന മകൻ ജനിച്ചു.
വെണ്ണിലാ കബഡി കുഴു എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായകന്മാരിലൊരാളായാണ് വിഷ്ണു വിശാൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
മുണ്ടാസുപട്ടി, ജീവ എന്നിവയാണ് വിഷ്ണുവിശാലിന്റെ ശ്രദ്ധേയ ചിത്രങ്ങൾ.
സിൽക്കുവാർപ്പെട്ടി സിംഹം, ഇടം പൊരുൾ യാവൽ, ജഗരാജകില്ലാഡി എന്നിവയാണ് വിഷ്ണു വിശാലിന്റെ പുതിയ ചിത്രങ്ങൾ. സിൽക്കുവാർപ്പട്ടി സിംഹം നിർമ്മിക്കുന്നതും വിഷ്ണു വിശാലാണ്.
കോമഡിക്ക് പ്രാധാ ന്യമുള്ള സിൽക്കുവാർപ്പട്ടി സിംഹത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിഷ്ണു വിശാൽ പ്രത്യക്ഷപ്പെടുന്നത്. രാക്ഷസനിൽ നിന്ന് ഏറെ വ്യത്യസ്തമായ ഈ പൊലീസ് വേഷത്തിന് കാത്തിരിക്കുകയാണ് ആരാധകർ.