കരുത്തുള്ള ഇടതൂർന്ന മുടിയുടെ രഹസ്യം ആരോഗ്യകരമായ ഭക്ഷണമാണ്. വിറ്റാമിൻ എ അടങ്ങിയിട്ടുള്ളതിനാൽ കാരറ്റ് മുടിയുടെ ആരോഗ്യത്തിന് ഉത്തമം. മുട്ടയിലുള്ള വിറ്റാമിൻ ബിയും ബയോട്ടിനും മുടിക്ക് ആരോഗ്യം നൽകും.
ഇലക്കറികൾ ചീര, ബ്രോക്കാളി എന്നിവ ധാരാളം കഴിക്കണം. പ്രോട്ടീൻ, വിറ്റാമിൻ, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ തവിടുള്ള അരി, സിങ്ക് ധാരാളം അടങ്ങിയിട്ടുള്ള കക്ക എന്നിവയും മികച്ചതാണ്. ഒമേഗ 3 ഫാറ്റി ആസിഡ്, ബയോട്ടിൻ, വിറ്റാമിൻ ഇ , ചെമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള വാൾനട്ട് മുടിയുടെ ആരോഗ്യം നിലനിറുത്തും. മുടിയുടെ ആരോഗ്യത്തിന് ഗുണകരമാകുന്ന സമീകൃത ആഹാരമാണ് ഗ്രീൻപീസ്. പരിപ്പിൽ അടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് ഗുണം ചെയ്യും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും പരിപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ബി 12, ഇരുമ്പ്, സിങ്ക് എന്നിവയുള്ള ചെമ്മീൻ, പ്രോട്ടീൻ, ഓമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള മത്തങ്ങക്കുരു എന്നിവയും മുടിയുടെ ആരോഗ്യം ഉറപ്പുവരുത്തും.