തിരുവനന്തപുരം: നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടം - കാരോട് ബൈപാസ് മരണപാതയായി മാറിയിരിക്കുകയാണ്. ഈ റോഡിന്റെ സൈഡിലൂടെ നടന്നുപോയാൽ പോലും ജീവന് ഒരു ഗാരന്റിയുമില്ലാത്ത അവസ്ഥ. പ്രധാന റോഡിലോ സർവീസ് റോഡിലോ ഒരു തരി വെളിച്ചമില്ല. ഇവിടെ വാഹനാപകടങ്ങൾ പതിവാണ്.
ചൊവ്വാഴ്ച രാത്രി കോവളത്തിനടുത്ത് വെള്ളാറിലുണ്ടായ അപകടമാണ് ഒടുവിലത്തെ സംഭവം. രണ്ട് കാറുകൾ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് എതിരെവന്ന സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയും ബൈപാസിന്റെ വശങ്ങളിലേക്ക് മറിയുകയുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇരുട്ട് കാരണം പരിക്കേറ്റവരെ കണ്ടെത്താൻ പോലും കഴിഞ്ഞില്ല. പ്രധാന റോഡിനും സർവീസ് റോഡിനുമിടയിൽ ഒരു ചരിവ് ഇവിടെയുണ്ട്. ആകെ കാടുപിടിച്ചു കിടക്കുന്ന ഈ ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചിരുന്ന ഭാര്യയും ഭർത്താവും കുഞ്ഞുമൊക്കെ വീണത്. ഓടിക്കൂടിയവർ മൊബൈൽ ടോർച്ച് തെളിച്ചാണ് തെരഞ്ഞത്. പരിക്കേറ്റ പൂന്തുറ സ്വദേശി ആർലെന്റിനെയും ഭാര്യ ഐഡനെയും കുഞ്ഞിനെയും കുറ്റിച്ചെടികൾക്കിടയിൽ നിന്നു കണ്ടെത്തുമ്പോഴേക്കും അവർ അവശരായി കഴിഞ്ഞിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അർലെന്റ് മരിച്ചു. കാറുകളുടെ അമിത വേഗതയും അപകട മുന്നറിയിപ്പ് സംവിധാനങ്ങളുടെ കുറവുമാണ് അപകടം വരുത്തിവച്ചതെന്ന് പ്രദേശ വാസികൾ പറയുന്നു. കൂട്ടിയിടിച്ച കാറുകളിലൊന്ന് അപ്പുറത്തെ റോഡിലെ സുരക്ഷാ വേലിയിലേക്ക് തെറിച്ച് വീണപ്പോൾ മറ്റൊരു കാർ വീണത് അവിടെ നിന്നു നൂറ്റിയമ്പതോളം മീറ്റർ അകലെ കുറ്റിക്കാട്ടിലേക്കാണ്.
തിരുവല്ലം മുതൽ വെള്ളാർ വരെ വാഹനങ്ങൾ കടന്നു പോകുന്നത് പ്രത്യേക പാതകളിലൂടെയാണ്. അങ്ങോട്ടു പോകാനും ഇങ്ങോട്ടു വരാനും പ്രത്യേക രണ്ടുവരിപ്പാതയുണ്ട്. എന്നാൽ നിർമ്മാണം നടക്കുന്നതിനാൽ വെള്ളാർ മുതൽ കോവളം ജംഗ്ഷനിൽ ഒരു ഇരുവരിപ്പാതയിലൂടെയാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം. വാഴമുട്ടം കഴിഞ്ഞ് വരുന്ന വാഹനങ്ങൾ വെള്ളാർ എന്തുമ്പോഴേക്ക് വലത്തോട്ടു തിരിഞ്ഞു വേണം ഇരുവശത്തേക്കും ഗതാഗതമുള്ള റോഡിലേക്ക് പ്രവേശിക്കാൻ. ഈ റോഡിലൂടെ അമിതവേഗതയിലാണ് പലവാഹനങ്ങളും കടന്നുപോകുന്നത്. സീസൺ തുടങ്ങാറായതിനാൽ വിദേശസഞ്ചാരികളുമായി വാഹനങ്ങൾ പോകുന്ന റോഡാണിത്.
തലതിരിഞ്ഞ ഡ്രൈവിംഗ് കാരണം വിദേശികൾ കൂടി അപകടത്തിൽപ്പെട്ടാൽ ടൂറിസത്തെയും ബാധിച്ചേക്കും. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തു പേരുടെ ജീവനാണ് ബൈപാസിൽ പൊലിഞ്ഞത്. ഇതിനു മുമ്പ് അമ്പലത്തറ കുമരിച്ചന്തയിൽ സ്കൂട്ടറിൽ പോയ ദമ്പതിമാർ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.