തിരുവനന്തപുരം: തലസ്ഥാനത്തെ സിനിമാ പ്രേമികൾക്കായി എം.ടി ചലച്ചിത്രോത്സവം 20 മുതൽ 24 വരെ ഭാരത് ഭവനിൽ നടക്കും.
ഭാരത് ഭവനും വയലാർ രാമവർമ്മ സാംസ്കാരികവേദിയും ചലച്ചിത്ര അക്കാഡമിയും സംയുക്തമായിട്ടാണ് ചലച്ചിത്രോത്സവം ഒരുക്കുന്നത്. എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും, പി.ജെ. ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടിക്കൊടുത്ത നിർമ്മാല്യമാണ് ഉദ്ഘാടനചിത്രം. എല്ലാദിവസവും വൈകിട്ട് ആറിനാണ് പ്രദർശനം. രണ്ടാം ദിവസം 1967 ൽ പുറത്തിറങ്ങി മികച്ച സാമൂഹ്യക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ, പ്രേംനസീർ ഭ്രാന്തൻ വേലായുധൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ചിത്രം 'ഇരുട്ടിന്റെ ആത്മാവ് ' പ്രദർശിപ്പിക്കും.
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് 1981ൽ പുറത്തിറങ്ങിയ ബാലൻ കെ. നായരും മേനകയും അഭിനയിച്ച ചിത്രം ഓപ്പോൾ മൂന്നാംദിവസം പ്രദർശിപ്പിക്കും. 1981ൽ മികച്ച നടനും ബാലതാരത്തിനും, ഗായികയ്ക്കും ദേശീയ പുരസ്കാരവും, മികച്ച ചിത്രത്തിനും സംവിധായകനും കേരള സർക്കാർ പുരസ്കാരവും നേടിക്കൊടുത്ത ചിത്രമാണിത്. എം.ടി കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച് ഹരികുമാർ സംവിധാനം ചെയ്ത മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രം സുകൃതം നാലാം ദിവസം പ്രദർശിപ്പിക്കും. വടക്കൻപാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം നിർവഹിച്ച് മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്ടൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989ൽ പുറത്തിറങ്ങിയ, തിരക്കഥ, നടൻ, കലാസംവിധാനം, വസ്ത്രാലങ്കാരം എന്നിവയ്ക്ക് ദേശീയപുരസ്കാരവും, ജനപ്രിയ ചിത്രം, മികച്ച തിരക്കഥ, മികച്ച നടൻ, മികച്ച രണ്ടാമത്തെ നടി, മികച്ച ഛായാഗ്രഹണം, മികച്ച പിന്നണി ഗായിക എന്നിവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയ ഒരു വടക്കൻ വീരഗാഥയാണ് അഞ്ചാം ദിവസം പ്രദർശിപ്പിക്കുന്നത്. 20ന് വൈകിട്ട് 5ന് മന്ത്രി എ.കെ. ബാലൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 24ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം.ടിയും സിനിമയും എന്ന വിഷയത്തിൽ ജോർജ് ഓണക്കൂർ, പി.വി. ഗംഗാധരൻ, പ്രമോദ് പയ്യന്നൂർ, ബാലു കിരിയത്ത്, അയിലം ഉണ്ണിക്കൃഷ്ണൻ, ജയഗീത, ടി.പി. ശാസ്തമംഗലം തുടങ്ങിയവർ സംസാരിക്കും. പ്രവേശനം സൗജന്യം.