തിരുവനന്തപുരം: കാലത്തിനനുസരിച്ച മാറ്റം ഉൾക്കൊള്ളണം എന്ന ആശയം മുൻനിറുത്തി ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിർവഹിച്ച നർമ്മകൈരളിയുടെ 'അരങ്ങിൽ നിന്ന് അടുക്കളയിലേക്ക്' ആവിഷ്കാര പുതുമ കൊണ്ട് ശ്രദ്ധേയമായി. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകമാണ് സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുനരാവിഷ്കരിച്ചത്.
ഡോ. തോമസ് മാത്യു, എ.എസ്. ജോബി, മണിക്കുട്ടൻ ചവറ, ദിലീപ് കുമാർ ദേവ്, ഡോ. സജീഷ്, ദീപു അരുൺ, പ്രദീപ് അയിരൂപ്പാറ, വേണു പെരുകാവ്, രാധാകൃഷ്ണൻ, ഗ്രേസി കരമന, അഡ്വ. ശ്രീന ശ്രീകുമാർ, അഞ്ജനാ ശ്രീകുമാർ, എന്നിവർ രംഗത്തെത്തി. ചമയം ശശി പൂജപ്പുര, സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായർ. കല പ്രദീപ് അയിരൂപ്പാറ.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ഇന്ദ്രൻസിനെ നർമ്മകൈരളി ആദരിച്ചു. തന്റെ കലാജീവിതത്തിലെ അഭിമാന മുഹൂർത്തമാണിതെന്ന് ഇന്ദ്രൻസ് പറഞ്ഞു. 36 ഹാസ്യ രചനകളോടെ പുറത്തിറങ്ങുന്ന നർമ്മകൈരളിയുടെ വാർഷികപ്പതിപ്പ് ഇന്ദ്രൻസ് പ്രകാശനം ചെയ്തു. എഴുത്തുകാരനായ കെ. സുദർശനൻ വാർഷികപ്പതിപ്പ് സ്വീകരിച്ചു. തുടർന്ന് സുകുമാർ, കൃഷ്ണ പൂജപ്പുര, വി. സുരേശൻ എന്നിവർ പങ്കെടുത്ത ചിരിയരങ്ങ് അരങ്ങേറി.