തിരുവനന്തപുരം: ഇന്ന് ഹ്രസ്വ ചിത്രങ്ങൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന കാലമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരു ആശയത്തെ ലഘുസിനിമയെന്ന കാൻവാസിലേക്ക് പകർത്തുന്ന ഷോർട്ട് ഫിലിമുകളിൽ വലിയൊരളവും പരമ്പരാഗത രീതിയായ പ്രണയമാണ് പ്രമേയമാക്കുന്നത്. എന്നാൽ, പ്രണയത്തെ മറ്റൊരു തരത്തിൽ അവതരിപ്പിച്ച് വ്യത്യസ്തനാകുകയാണ് വിഷ്ണു ഉദയൻ എന്ന യുവസംവിധായകൻ 'വാഫ്റ്റ്' എന്ന തന്റെ ഹ്രസ്വചിത്രത്തിലൂടെ.
കാമുകിയുടെ അപ്രതീക്ഷിത തിരോധാനത്തിൽ ഒറ്റപ്പെട്ടു പോകുന്ന നായകൻ കടുത്ത വിഷാദത്തിന്റെ പിടിയിലാകുന്നു. ദുഃഖവും നിരാശയും മറക്കാൻ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടുന്ന നായകൻ കാമുകിയെ കുറിച്ച് അപ്രതീക്ഷിതമായി അറിയുന്നു. പിന്നെ സംഭവിക്കുന്ന കാര്യങ്ങളാണ് 12 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. തികച്ചും വ്യക്തിനിഷ്ഠമായാണ് താൻ ക്ളൈമാക്സ് തയ്യാറാക്കിയിരിക്കുന്നതെന്ന് വിഷ്ണു പറഞ്ഞു. ക്ഷോഭവും തല്ലും വഴക്കുമെല്ലാമടങ്ങുന്ന പതിവ് പ്രണയത്തിൽ നിന്നുള്ള വഴിമാറി സഞ്ചരിക്കലാണിതെന്നും വിഷ്ണു സാക്ഷ്യപ്പെടുത്തുന്നു. ഇതിനോടകം ഈ ഷോർട്ട് ഫിലിം വിദേശത്തും ഇന്ത്യയിലുമായി അഞ്ച് അവാർഡുകൾ നേടിക്കഴിഞ്ഞു. 22 ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. അശ്വന്തും ആരാദ്ധ്യയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം 23ന് യൂ ട്യൂബിൽ റിലീസ് ചെയ്യും. 2012 മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിഷ്ണു ഏഴ് ഷോർട്ട് ഫിലിമുകളും മൂന്ന് മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്തു. ഇതുകൂടാതെ ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത പ്രകാശം എന്ന ഇന്തോ - ഫ്രഞ്ച് സിനിമയിൽ അസിസ്റ്റന്റായും പ്രവർത്തിച്ചു.