തിരുവനന്തപുരം: അമൂർത്തങ്ങളായ വരകളാണ് ഡോ. രാമൻകുട്ടിയുടെ ചിത്രങ്ങളുടെ പ്രത്യേകത. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമയം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം ചിത്രരചനയിൽ മുഴുകും. ഡോ. രാമൻകുട്ടി എന്ന ചിത്രകാരനെ അറിയുന്നവർ വിരളമായിരിക്കും. എന്നാൽ, തന്റെ അച്ഛനായ സി.അച്ചുതമേനോന്റെ പേരിലുള്ള അച്ചുതമേനോൻ ഹെൽത്ത് സയൻസസ് സ്റ്റഡീസിന്റെ തലവനായ രാമൻകുട്ടിയെ ഒട്ടുമിക്കവരും അറിയും.കുഞ്ഞുനാൾ മുതൽ തന്നെ ചിത്രരചനയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ് ഡോ. രാമൻകുട്ടി. അതിന് പാരമ്പര്യത്തിന്റെ തനിമയുമുണ്ട്. അച്ചുതമേനോന്റെ സഹോദരൻ ഗോപുമേനോൻ അറിയപ്പെടുന്ന ചിത്രകാരനായിരുന്നു. അദ്ദേഹത്തിന്റെ വരകൾ സ്വാഭാവികമായി രാമൻകുട്ടിയെയും സ്വാധീനിച്ചിട്ടുണ്ട്.
ആദ്യകാലത്ത് നിലത്ത് വരച്ചായിരുന്നു തന്റെ ചിത്രരചനയുടെ തുടക്കമെന്ന് രാമൻകുട്ടി ഓർക്കുന്നു. കോളേജിലൊക്കെ പഠിക്കാൻ പോയതോടെ ചിത്രരചന കുറഞ്ഞെങ്കിലും പൂർണമായും കൈവിട്ടില്ല. പിന്നീട് മെഡിസിന് ശേഷം ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് ഡോ. സി.ആർ. സോമനുമായുണ്ടായ ബന്ധം ചിത്രരചനയെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചു. വരയ്ക്കാറില്ലെങ്കിലും കലയോട് വലിയ താത്പര്യമുണ്ടായിരുന്ന അദ്ദേഹം, ചിത്രരചന സംബന്ധിച്ച നിരവധി പുസ്തകങ്ങൾ സമ്മാനിച്ചു. അത് വായിച്ച് അവയിൽ നിന്നുള്ള അറിവുകളെ സ്വാംശീകരിച്ച് തന്റേതായ രീതിയിൽ ചിത്രങ്ങൾ വാർത്തെടുക്കുകയാണ് രാമൻകുട്ടി ചെയ്തത്. ആദ്യകാലത്ത് രേഖാചിത്രങ്ങളും പ്രകൃതി വർണനകളുമെല്ലാമായിരുന്നു പരീക്ഷിച്ചിരുന്നത്. അക്രിലിക് ചിത്രങ്ങളാണ് രാമൻകുട്ടി വരച്ചതിൽ ഏറെയും. പ്രത്യേകിച്ചൊരു തീമൊന്നും ഉണ്ടാകാറില്ല അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക്. ശാസ്ത്രസാഹിത്യ പരിഷത്തിൽ സജീവമായിരുന്ന കാലത്ത് അവരുടെ ശാസ്ത്രഗതി എന്ന മാഗസിനിൽ കാർട്ടൂണുകളും വരച്ചിരുന്നു. സാമൂഹ്യ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കാർട്ടൂണുകളായിരുന്നു അത്. രണ്ട് വർഷത്തോളം മാഗസിന്റെ എഡിറ്ററുമായിരുന്നു. പരിഷത്തിന്റെ വെബ് മാസികയായ 'ലൂക്ക'യിലെ കാർട്ടൂൺ കോളവും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഇപ്പോൾ തിരക്കുകൾ കാരണം അതിൽ വരയ്ക്കുന്നില്ല.
മുംബയിലെ ജഹാംഗീർ ഗാലറിയിൽ രാമൻകുട്ടി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികളെ ചെറുതിലേ തന്നെ ചിത്രരചന പഠിപ്പിക്കുന്നതിനോട് രാമൻകുട്ടി യോജിക്കുന്നില്ല. ചിത്രകലയെ കുറിച്ച് പഠിക്കണം. എന്നാൽ ചിത്രം എങ്ങനെ വരയ്ക്കണമെന്ന് പഠിപ്പിക്കുന്നത് ശരിയല്ല. സംഗീതത്തിന് നിയതമായൊരു രൂപമുണ്ട്. അതിനാൽ തന്നെ അത് സംഗീതജ്ഞന്റെ സഹായത്തോടെ പഠിക്കണം. എന്നാൽ, ചിത്രകല അങ്ങനെയല്ല. കുഞ്ഞുനാളിലേ ഇങ്ങനെ ചിത്രകല പഠിപ്പിക്കുന്നത് അവർ സ്വാധീനിക്കപ്പെടാൻ ഇടയാക്കുമെന്നാണ് രാമൻകുട്ടിയുടെ അഭിപ്രായം. ചിത്രകല എന്നത് സാഹിത്യം പോലെയുള്ള ഭാഷയാണ്. അതിനാൽ നല്ല ചിത്രങ്ങൾ കാണുകയും അതുപോലെ വരയ്ക്കുകയുമാണ് വേണ്ടത്. താത്പര്യമുണ്ടെങ്കിൽ പിന്നീട് ആർട്ട് സ്കൂളിൽ പഠിക്കാവുന്നതേയുള്ളൂ.രാമൻകുട്ടിയുടെ മകൾ നീരജയും ചിത്രകലയിൽ താത്പര്യമുള്ളയാളാണ്.ബംഗളൂരുവിൽ ഫാഷൻ ഡിസൈനറായി ജോലി നോക്കുന്ന നീരജ ഡിസൈനുകളാണ് കൂടുതലും വരയ്ക്കുന്നത്.