തിരുവനന്തപുരം: സമയം രാവിലെ ഒൻപത്. പ്രധാനമന്ത്രിയും പ്രസിഡന്റും ഗവർണറും അലങ്കരിച്ച തുറന്ന ജീപ്പിൽ വഴിനീളെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി തലസ്ഥാനത്തിന്റെ രാജകീയ പാതയിലൂടെ നേരെ കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തിലേക്ക്. ചാച്ചാജിയുടെ വേഷത്തിൽ നെഞ്ചിൽ ഒരു ചുവന്ന റോസാപ്പൂവ് പിടിപ്പിച്ച് തല ഉയർത്തിപ്പിടിച്ചാണ് യാത്ര. പിറകെ വരിവരിയായി നിരനിരയായി കുരുന്നുകൾ. കുഞ്ഞുശബ്ദത്തിൽ "ചാച്ചാജി കീ ജയ് " എന്ന മുദ്രാവാക്യം വിളിച്ച് ആറായിരത്തോളം പേർ. സാധാരണ കാറ്റുകൊള്ളാനും നഗര ഭംഗി ആസ്വദിക്കാനുമെത്തുന്ന സ്ഥിരം സഞ്ചാരികളെ ഗെറ്റൗട്ടടിച്ച് നിശാഗന്ധിയും കനകക്കുന്നും കുരുന്നുകൾ കൈയേറി.
സാധാരണ ശിശുദിനാഘോഷ പരിപാടികളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ആഘോഷങ്ങൾ. എസ്.എം.വി. സ്കൂളിൽ നിന്ന് നഗരം ചുറ്റി യൂണിവേഴ്സിറ്റി കോളേജിൽ അവസാനിക്കും വിധമാണ് സാധാരണ ശിശുദിന റാലികൾ നടക്കാറുള്ളത്. ഇത്തവണ റാലിയുടെ സമയം അതിരാവിലെയാക്കി. മ്യൂസിയം ഗേറ്റിൽ നിന്ന് നടന്ന് കനകക്കുന്നിൽ അവസാനിക്കും വിധം റാലി സംഘടിപ്പിച്ചു. മഴയും വെയിലുമേറ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പൊതുസമ്മേളനപരിപാടികൾ നിശാഗന്ധി ആഡിറ്റോറിയത്തിലേക്കും മാറ്റി. നഗരത്തിന് അകത്തും പുറത്തും നിന്നുമായെത്തിയ ആറായിരത്തോളം കുട്ടികൾക്ക് ഭക്ഷണം അടക്കം സർവവിധ സൗകര്യങ്ങളും ശിശുക്ഷേമ സമിതി ഒരുക്കിയിരുന്നു. രാവിലെ റാലി തുടങ്ങുന്നതിന് മുൻപ് ഏത്തപ്പഴവും ജൂസും. പരിപാടി കഴിയും വരെ ആവോളം കുടിവെള്ളം. ഉച്ചയ്ക്ക് 12.30ന് പരിപാടി അവസാനിക്കുമ്പോൾ എല്ലാവർക്കും ഫ്രൈഡ് റൈസ്.
ശിശുദിനാഘോഷത്തിലെ കുട്ടികളുടെ പൊതുസമ്മേളനവും റാലിയും നയിച്ച കുട്ടികളുടെ നേതാക്കന്മാരിലും ഇത്തവണ പ്രത്യേകതയുണ്ടായിരുന്നു. മൂന്നു സ്ഥാനങ്ങളും കൈയേറിയത് പെൺസാന്നിദ്ധ്യങ്ങൾ തന്നെ. കുട്ടികളുടെ പ്രധാനമന്ത്രിയായി റാലി നയിച്ചത് ദേവകി .ഡിയാണ് (നാലാം ക്ലാസ് വിദ്യാർത്ഥിനി, കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം). സ്നേഹ (ആറാം ക്ലാസ് വിദ്യാർത്ഥിനി, കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം) പ്രസിഡന്റായി. എസ്. ദിവ്യാലക്ഷ്മിയായിരുന്നു (ആറാം ക്ലാസ് വിദ്യാർത്ഥിനി, ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ) കുട്ടികളുടെ സ്പീക്കർ. ശിശുദിനത്തെക്കുറിച്ചും കുട്ടികളുടെ അവകാശത്തെക്കുറിച്ചും ഞെട്ടിക്കുന്ന പ്രസംഗം നടത്തി കുട്ടി നേതാക്കന്മാർ സദസിനെ കൈയിലെടുത്തു.
മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായ ചടങ്ങിൽ ഗവർണർ പി. സദാശിവം ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ഈ വർഷത്തെ ശിശുദിന സ്റ്റാമ്പ് രൂപകല്പന ചെയ്ത കവടിയാർ നിർമ്മലാഭവൻ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അനീറ്റ് സാലുവിനെ സമ്മേളനത്തിൽ ആദരിച്ചു. ’നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം’ എന്നതായിരുന്നു ഇത്തവണത്തെ വിഷയം. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള എഴുനൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. സാലുവിനുള്ള അവാർഡും സ്കൂളിനുള്ള റോളിംഗ് ട്രോഫിയും ഗവർണർ സമ്മാനിച്ചു. മുൻമന്ത്രി അനൂപ് ജേക്കബിന്റെ പേഴ്സണൽ സ്റ്റാഫംഗമായ കോതമംഗലം കോയിക്കക്കുടി സാലു ജോസഫിന്റെയും ഇടുക്കി അടിമാലി മടച്ചിപ്പാവിൽ സിൽവി സാലുവിന്റെയും മകനാണ് അനിറ്റ് സാലു. മറ്റുള്ളവരെ സ്നേഹിച്ച് അന്യന്റെ ഉയർച്ചയിൽ അസൂയയില്ലാത്ത മികച്ച പൗരനായി വളരുന്ന തലമുറയുണ്ടാകട്ടെ എന്നുള്ള ശിശുദിന സന്ദേശവും ഗവർണർ കുട്ടികൾക്ക് നൽകി. ശിശുക്ഷേമ സമിതി സെക്രട്ടറി ദീപക് എസ്.പി അടക്കമുള്ള അധികൃതർ പരിപാടികൾക്ക് നേതൃത്വം നൽകി.