കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി പാറവിളവീട്ടിൽ മേരിക്കുട്ടി വർഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സതീഷ് എത്തിയത് ഒൺലൈനിൽ വിൽപ്പന നടത്തുന്ന, നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഏണിയുടെ പാഴ്സലുമായി.
മുംബെയിൽ നേഴ്സ് ആയ ഇവരുടെ മകളുമായി സതീഷ് ഫേസ്ബുക്ക് വഴി പ്രണയത്തിലായിരുന്നു. യുവതി വിവാഹ അഭ്യർത്ഥന നിരസിച്ചതോടെയാണ് ഇയാൽ അവരുടെ വീട് തേടി കുളത്തൂപ്പുഴയിൽ എത്തിയത്. ഒൺലൈൻ വഴി ബുക്ക് ചെയ്ത ടാക്സിയുടെ ഡ്രൈവർ ചിത്തിര സെൽവനോട് മധുരയിൽ നിന്ന് ഒരു പാഴ്സൽ കുളത്തൂപ്പുഴയിൽ എത്തിക്കണം എന്നാണ് പറഞ്ഞിരുന്നത്. നൽകേണ്ട ആളുടെ ഫോട്ടോയും വിലാസവും കാണിച്ച് വിശ്വാസം പിടിച്ച് പറ്റിയതായും സെൽവൻ പൊലീസിനോട് പറഞ്ഞു. പാഴ്സലുമായി ഇ.എസ്.എം കോളനിയിൽ എത്തി നാട്ടുകാരിൽ പലരോടും വിലാസം തിരക്കി വീട് ഇതാണെന്ന് ഉറപ്പ് വരുത്തി. കാറിൽ നിന്ന് പാഴ്സലുമായി ഇറങ്ങിയ സതീഷ് ടാക്സിക്കാരനോട് വാഹനം ദൂരേക്ക് മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടാണ് വീടിനകത്തേക്ക് കടന്നത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം സതീഷിനെ കാണാഞ്ഞതിനെ തുടർന്ന് അയാൾ പോയ വഴിയിലൂടെ കുറച്ച് മുന്നോട്ട് മാറ്റി ഡ്രൈവർ വാഹനം പാർക്ക് ചെയ്യുകയായിരുന്നു. ഇതാണ് പ്രതിക്ക് രക്ഷപെടാൻ കഴിയാതിരുന്നത്. കാർ നേരത്തെ പാർക്ക് ചെയ്തിരുന്ന സ്ഥലം നോക്കി ഇറങ്ങി ഓടിയ പ്രതിക്ക് വാഹനം എതിർ ദിശയിലായിരുന്നതിനാൽ കണ്ടെത്താനായില്ല. ഇതോടെ പരിഭ്രാന്തനായി ഊടുവഴിയിലൂടെ ഓടിയപ്പോൾ നാട്ടുകാരുടെ പിടിയിലാവുകയായിരുന്നു.