തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് തീർത്ഥാടകർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നംവബർ 17ന് ശബരിമലയിൽ ദർശനം നടത്തുമെന്നാണ് തൃപ്തി ദേശായിയും സംഘവും അറിയിച്ചത്.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷം മണ്ഡലകാലത്തും തുടരാനുള്ള സാദ്ധ്യത നിലനിൽക്കെ എരിതീയിൽ എണ്ണ പകർന്നുകൊണ്ടാണ് തൃപ്തി ദേശായിയും സംഘവും ദർശനത്തിന് എത്തുമെന്ന് സർക്കാരിനെ അറിയിച്ചത്. ദർശനത്തിനിടെ തനിക്കും സംഘത്തിനും പ്രത്യേക സുരക്ഷ അനുവദിക്കണമെന്ന് വ്യക്തമാക്കി തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ശബരിമലയിൽ എത്തിയാൽ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാൽ എയർപോർട്ട് മുതൽ സുരക്ഷ ഒരുക്കണമെന്നും അവർ സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എയർപോർട്ടിൽ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദർശനം നടത്തുമെന്നാണ് കത്തിൽ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സർക്കാർ വഹിക്കണമെന്ന കാര്യവും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാൽ പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചത്.
തൃപ്തിയുടെ സംഘം
(പ്രായം 29 മുതൽ 46 വരെ)
മഹാരാഷ്ട്ര സ്വദേശിയായ വനിതാ ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പശ്ചിമ മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപൂർ ക്ഷേത്രത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലൂടെയാണ് ഇവർ പേരെടുത്തത്. 33 കാരിയാണ് തൃപ്തി ദേശായി. ഇവർക്കൊപ്പം വരുമെന്ന് കത്തിൽ പറഞ്ഞിരിക്കുന്ന സംഘാംഗങ്ങൾ ഇവരാണ്:
മനിഷ രാഹുൽ (42), മീനാക്ഷി ഷിൻ ഡേ (46), സ്വാതി (44), സവിത (29), സംഗീത (42), ലക്ഷ്മി (43).