-dyfi-sexual-abuse-case

തൃശൂർ: ഒരിക്കൽ തന്റെ മകൾക്ക് നീതി നിഷേധിച്ച പാർട്ടിക്ക് ഇനി പരാതി നൽകാനില്ലെന്ന് കാട്ടൂരിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ പീഡനശ്രമത്തിന് ഇരയായ യുവതിയുടെ അമ്മ. നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പരാതി നൽകാനെത്തിയതായിരുന്നു അമ്മ. സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്ന് തവണ ഇക്കാര്യത്തിനായി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു. ആദ്യവട്ടം പി.എ ഫോൺ എടുത്ത് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല. പിന്നീട് രണ്ട് വട്ടം കൂടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

നേരിൽക്കണ്ട് പരാതി നൽകാൻ ഇക്കഴിഞ്ഞ എട്ടിന് മുഖ്യമന്ത്രി തൃശൂർ തേക്കിൻകാട് മൈതാനിയിൽ എൽ.ഡി.എഫ് വിശദീകരണയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ താൻ വന്നെങ്കിലും കാണാൻ വിസമ്മതിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഡ്രൈവറുടെ പക്കൽ പരാതി നൽകി മടങ്ങിയെന്നും അവർ പറഞ്ഞു. പ്രതിക്ക് അനുകൂലമായാണ് പാർട്ടി പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഹായം തേടി ഇനി പാർട്ടിയെ സമീപിക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് സി.പി.എം അംഗം കൂടിയായ അമ്മ പറഞ്ഞു.