കണ്ണൂർ: പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടക്കാൻ പണമില്ലാത്ത യുവാവിന് നേരെ എസ്.ഐയുടെ കൈയേറ്റം. കണ്ണൂർ പാടിക്കുന്നിലെ യുവാവിന് നേരെയാണ് സിഗരറ്റ് വലിച്ചു എന്ന പേരിൽ എസ്.ഐ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മയ്യിൽ എസ്.ഐ രാഘവനാണ് യുവാവിനെ കൈയേറ്റം ചെയ്യുന്നത്.
പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച യുവാവിനെ എസ്.ഐ പിടികൂടുകയായിരുന്നു. തുടർന്ന് പിഴയടക്കാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈയിൽ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് എസ്.ഐയോട് പറഞ്ഞു. ഇതോടെ എസ്.ഐ യുവാവിന്റെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നു. തന്റെ ദേഹത്ത് കൈവെക്കരുതെന്നും പണം ഇപ്പോൾ ഇല്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറയുന്നുണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെ എസ്.ഐ യുവാവിനെ പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. സമീപത്ത് നിന്ന വ്യക്തി ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
അതേസമയം, സ്ഥലത്തെ എസ്.ഐക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാർക്കുണ്ട്. തനിക്ക് നേരെ കൈയറ്റം നടത്തിയ എസ്.ഐക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.