sabarimala-

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ദേവസ്വം കമ്മിഷണർ എൻ. വാസു അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമോപദേശം തേടണമെന്നും വ്യക്തമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടന ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി അറിയിച്ച സാഹചര്യത്തിലാണ് വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന ഹർജി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, സാവകാശ ഹർജി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല മണ്ഡലകാലത്തിലേക്ക് നീങ്ങാൻ 48 മണിക്കൂർ ശേഷിക്കെ, ഇന്ന് കൂടുന്ന സർവകക്ഷിയോഗത്തിന്റെ ഫലശ്രുതിയെന്താകുമെന്നതിൽ രാഷ്ട്രീയവൃത്തങ്ങളിൽ ആകാംക്ഷ. വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാൽ പിറകോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് സാദ്ധ്യമാവില്ല. കോടതിയലക്ഷ്യ സാദ്ധ്യതയും നിലനിൽക്കുകയാണ്.

എന്നാൽ, യു.ഡി.എഫും ബി.ജെ.പിയും നിലപാട് തിരുത്താതെ നിൽക്കുന്നത് പ്രതിസന്ധിയുമാണ്. കോടതി എന്ത് പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ ഇന്നലത്തെ പ്രതികരണം. ശബരിമലയെ സംഘർഷഭൂമിയാക്കാതെ സർവകക്ഷിയോഗം എല്ലാ വശങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കളും പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിറുത്താനാണ് ബി.ജെ.പി നീക്കം.