കൊളംബോ: ശ്രീലങ്കയിൽ മഹീന്ദ രാജപക്സെ സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് അവിശ്വാസപ്രമേയം പാർലമെന്റ് പാസാക്കി. 225 അംഗ സഭയിൽ രാജപക്സെയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ഭൂരിപക്ഷം പിന്തുണച്ചതായി സ്പീക്കർ കരു ജയസൂര്യ അറിയിച്ചു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ നീക്കി ഒക്ടോബർ 26നാണ് രജപക്സെയെ പ്രധാനമന്ത്രിയാക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന നിയമിച്ചത്.
യുണൈറ്റഡ് നാഷണൽ പാർട്ടി അംഗം ലക്ഷ്മൺ കിരിയേലയാണ് സഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നാടകീയ രംഗങ്ങൾക്കൊടുവിൽ സ്പീക്കർ അവിശ്വാസ വോട്ടിംഗ് നടപടികൾ ആരംഭിച്ചപ്പോൾ രജപക്‌സെയും പാർലമെന്റംഗമായ മകൻ നമലും സഭയിൽനിന്ന് ഇറങ്ങിപ്പോയി. രജപക്‌സെയെ പിന്തുണയ്ക്കുന്ന എം.പിമാർ സഭ തടസപ്പെടുത്താൻ ശ്രമിച്ചെങ്കിലും വോട്ടിംഗ് നടപടികളുമായി സ്പീക്കർ മന്നോട്ടപോയി. സ്പീക്കർ പാർലമെന്ററി നടപടിക്രമങ്ങൾ ലംഘിച്ചെന്ന് രജപക്‌സെ വിഭാഗം ആരോപിച്ചു.
പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ചൊവ്വാഴ്ചയാണ് സുപ്രീംകോടതി സ്റ്റേചെയ്തത്. ഇടക്കാല തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിറുത്തിവയ്ക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.