savarkar

മുംബയ്: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് ആചാര്യൻ വീർ സവർക്കറിന്റെ കുടുംബം രംഗത്ത്. വീർ സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്നാണ് ജയിൽ മോചിതനായെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം സവർക്കറിനെ അപകീർത്തിപ്പെടുത്തിയെന്നും അനന്തരവൻ രഞ്ജീത് സവർക്കർ പറഞ്ഞു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധിജിയൊക്കെ ജയിലിൽ കിടന്ന സമയത്ത് സവർക്കാർ ബ്രിട്ടീഷുകാർക്ക് കത്തെഴുതി മാപ്പിരന്ന് പുറത്തിറങ്ങിയെന്നും ഈ സവർക്കറുടെ ചിത്രമാണ് മോദി പാർലമെന്റിൽ വച്ചിരിക്കുന്നതെന്നുമാണ് രാഹുൽ പറഞ്ഞത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഇത്തരത്തിൽ പരാമർശം നടത്തിയത്.

'ബ്രീട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കോൺഗ്രസ് നേതാക്കളെല്ലാം ജയിലിലായിരുന്നു. ഇതിനിടയിൽ ഒരാൾ ബ്രിട്ടീഷുകാർക്ക് കത്തെഴുതി. ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. എന്നെ ജയിൽ മോചിതനാക്കണം. ഞാൻ നിങ്ങളുടെ കാലു പിടിക്കാം. ദയവ് ചെയ്ത് എന്നെ വിട്ടയക്കണം. എന്നാൽ മറ്റൊരു ഭാഗത്ത് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്കർ, സർദാർ പട്ടേൽ എന്നിവർ രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടുകയായിരുന്നു'. ഇതായിരുന്നു രാഹുൽ പ്രസംഗത്തിനിടെ പറഞ്ഞത്.

എന്നാൽ സവർക്കർ 27 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങിയതെന്ന് രഞ്ജീത് പറഞ്ഞു. മുംബയ് ശിവജി പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ രഞ്ജീത് പരാതി നൽകിയത്.